ഇടുക്കി: രാജകുമാരി – ഖജനാപ്പാറ റോഡ് ചെളിക്കുണ്ടായി. വെള്ളക്കെട്ട് ഒഴിവാക്കാനായി പണിത കലുങ്ക് റോഡ് നിരപിൽ നിന്ന് താഴേക്കുപോയി. ഇതോടെ കലുങ്കും റോഡും തമ്മിൽ ലെവലാകാൻ ഇട്ട മണ്ണ് മഴയത്ത് കുഴഞ്ഞ് ചെളിക്കുണ്ടായതോടെ നാട്ടുകാർ ദുരിതത്തിലായിരിക്കുകയാണ്.
കഴിഞ്ഞ പ്രളയത്തിൽ കലുങ്കിന്‍റെ സംരക്ഷണഭിത്തി തകർന്നിരുന്നു. പുനർ നിർമിച്ചപോൾ വെള്ളം സുഗമമായി ഒഴുകാനായി മുമ്പത്തേക്കാൾ ഉയർത്തിയായിരുന്നു കലുങ്ക് സ്ഥാപിച്ചത്. പക്ഷെ, അതിനനുസരിച്ച് റോഡ് ഉയർത്തിയില്ല. ഇതോടെ വാഹനങ്ങൾക്ക് കയറിപേകാൻ ബുദ്ധിമുട്ടായി. തുടർന്നാണ് കലുങ്ക് പണിക്കായി മാറ്റിയ മണ്ണ് റോഡിലിട്ട് നികത്തി. ആദ്യം വലിയ പ്രശ്‌നമുണ്ടായിരുന്നില്ല. മഴ പെയ്തപ്പോൾ മണ്ണ് താഴുകയും ചെളിക്കുണ്ടായി മാറുകയും ചെയ്യുകയായിരുന്നു. ഇപ്പോൾ സൈക്കിളിനുപോലും പോകാൻ പറ്റാത്ത അവസ്ഥയാണ്.
ദേവികുളം ഗ്യാപ് റോഡിൽ മലയിടിഞ്ഞ് ഗതാഗതം തടസപെട്ടിരിക്കുന്നതിനാൽ മൂന്നാറിൽനിന്നും തമിഴ്‌നാടിലേക്ക് പോകുന്ന ഭൂരിഭാഗം വാഹനങ്ങളും ഖജനാപ്പാറ വഴിയാണ് പോകുന്നത്. എന്നാൽ ഈ കലുങ്കിന് സമീപത്തെ ചെളിക്കുണ്ടിൽ ചരക്കുവാഹനങ്ങൾ താഴ്ന്നുപോകുന്ന സ്ഥിതിയാണുള്ളത്. രാജകുമാരി സൗത്തിൽനിന്ന് ഖജനാപ്പാറ വഴി ബൈസൺവാലിയിലേക്ക് പോകേണ്ടവർ ഇപ്പോൾ രാജകുമാരി നോർത്ത് വഴി നാല് കിലോമീറ്ററോളം കൂടുതൽ സഞ്ചരിച്ചാണ് പോകുന്നത്.