ഇടുക്കി: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നിശാ പാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ച സംഭവത്തില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി ബിജെപി സമര രംഗത്ത്. രാജാപ്പാറ സംഭവുമായി ബന്ധപെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാന്തൻപാറ പൊലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു.
ചതുരംഗ പാറയിൽ ക്രഷർ യൂണിറ്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നിശാ പാർട്ടി സംഘടിപ്പിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് എത്തിയതിന് പിന്നാലെയാണ് ബിജെപിയും സമര രംഗത്തെത്തിയത്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി മാറിയ ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തുക, ക്വാറി ഉടമയുടെ പണത്തിന്‍റെ സ്രോതസ്സ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാന്തൻപാറ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് ബിജെപി നിയോജക മണ്ഡലം പ്രസിഡന്‍റ് സിജി സജീവ് ഉദ്ഘാടനം ചെയ്തു.