ഇടുക്കി: പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമ്പോള്‍ ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നടപടി സ്വീകരിക്കണമെന്നും, ഇതാവും ഇത്തവണത്തെ റവന്യൂ മന്ത്രിയുടെ വെല്ലുവിളിയെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി.
ഇടുക്കിയില്‍ എക്കാലവും ഉയര്‍ന്ന് കേള്‍ക്കുന്ന വിവാദമാണ് നിര്‍മ്മാണ നിരേധനവും ഭൂപ്രശ്നങ്ങളും, ഏഴ് ചെയിന്‍ മൂന്ന് ചെയിന്‍ മേഖലയിലെ പട്ടയ വിഷയങ്ങളും. തെരഞ്ഞെടുപ്പ് ഘട്ടത്തിലും ഇടുക്കിയില്‍ ഇടത് വലത് മുന്നണികള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചക്ക് വിധായമാക്കിയതും ഈ വിഷയങ്ങള്‍ തന്നെയാണ്. ഭൂവിഷയങ്ങളില്‍ സര്‍ക്കാര്‍ അവസാന ഘട്ടത്തില്‍ കാര്യമായ ഇടപെടല്‍ നടത്തിയെങ്കിലും പ്രശ്‌ന പരിഹാരമുണ്ടായില്ല. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഈ വിഷയങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ പറഞ്ഞു. വനം റവന്യൂ മന്ത്രിമാര്‍ തീവ്ര പരിസ്ഥിതി വാദികളാകരുതെന്നും ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ കൂട്ടിച്ചേർത്തു.
ALSO READ: ഭൂമി കയ്യേറ്റത്തില്‍ നടപടിയില്ല; പരാതിയുമായി ഗ്രീന്‍ കെയര്‍ കേരള
പത്തുചെയിന്‍ ഏഴ് ചെയിന്‍ മേഖലകളില്‍ കഴിഞ്ഞ സര്‍ക്കാര്‍ പട്ടയം നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും കല്ലാര്‍കൂട്ടി അടക്കമുള്ള മേഖലകളിലെ ആളുകളുടെ പട്ടയ പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. നിര്‍മ്മാണ നിരോധനമടക്കമുള്ള വിഷയങ്ങളില്‍ പരിഹാരമുണ്ടാക്കുമെന്ന തെരഞ്ഞെടുപ്പിലെ ഉറപ്പ് പാലിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് മലയോര മേഖലയിലെ കുടിയേറ്റ ജനത.