ഇടുക്കി: അടിമാലി ടൗണില്‍ വീണ്ടും തെരുവ് നായ ശല്യം വര്‍ധിക്കുന്നു. മത്സ്യ മാംസ്യ വ്യാപാരശാലകള്‍ ഏറെയുള്ള മാര്‍ക്കറ്റ് ജംഗ്ഷനും പരിസരപ്രദേശങ്ങളും തെരുവ് നായക്കള്‍ കൈയ്യടക്കിയതോടെ കാല്‍നടയാത്രക്കാരും ഇരുചക്ര യാത്രികരും ഭീതിയിലാണ്. ഇരുള്‍ വീഴുന്നതോടെ തെരുവോരങ്ങള്‍ കൈയ്യടക്കുന്ന നായ്ക്കൂട്ടങ്ങള്‍ കുട്ടികള്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
നാളുകള്‍ക്ക് ശേഷമാണ് അടിമാലിയില്‍ വീണ്ടും തെരുവ് നായ്ക്കളുടെ ശല്യം വര്‍ധിച്ചിട്ടുള്ളത്.ഇരുള്‍ വീഴുന്നതോടെ കൂട്ടമായി ഇറങ്ങുന്ന തെരുവ് നായ്ക്കള്‍ ടൗണില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായതോടെ നാളുകള്‍ക്ക് മുമ്പ് നായ്ക്കളെ തുരത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയും ഇവയുടെ എണ്ണത്തില്‍ കുറവ് വരികയും ചെയ്തിരുന്നു. വീണ്ടും നായ്ക്കള്‍ പെറ്റു പെരുകിയതോടെ രാത്രികാലത്തും പുലര്‍ച്ചെയും അടിമാലി ടൗണിലെത്തുന്നവര്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.
കൂട്ടമായി നടക്കുന്ന നായ്ക്കളെ തുരത്തിയോടിക്കാന്‍ ശ്രമിച്ചാല്‍ അവ കൂടുതല്‍ അപകടകാരികളായി ആക്രമിക്കാന്‍ ശ്രമിക്കുന്ന പ്രവണത ഉണ്ടാകുന്നു. നായ്ക്കള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക്് കുറുകെ ചാടി അപകടങ്ങള്‍ ഉണ്ടാകുന്നതും പതിവായിട്ടുണ്ട്. കുട്ടികള്‍ പലരും തെരുവ് നായ് ആക്രമണം ഭയന്നാണ് സഞ്ചരിക്കുന്നത്. ക്രമാതീതമായി വര്‍ധിച്ചു വരുന്ന തെരുവുനായ്ക്കളുടെ എണ്ണം കുറക്കാന്‍ പഞ്ചായത്തിന്‍റെ ഭാഗത്തുനിന്നും ഇടപെടലുണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.