ഇടുക്കി: മൂന്നാറിന് സമീപം ആനയിറങ്കലിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും ബൈക്ക് യാത്രികർ തലനാരിഴക്ക് രക്ഷപെട്ടു. ഇന്ന് രാവിലെ 6.30 നായിരുന്നു സംഭവം. ദേശീയ പാതയിലെ വളവ് തിരിഞ്ഞ് വന്ന ബൈക്ക് യാത്രികർ ആനയുടെ മുന്നിൽ പെട്ടു പോകുകയായിരുന്നു.
പെട്ടന്ന് ആനയെ കണ്ട ഭയത്തിൽ ബൈക്ക് യാത്രികർ റോഡിൽ മറിഞ്ഞു വീഴുകയും ചെയ്‌തു. ഇരുവരുടെയും നേരെ ആന പാഞ്ഞ് അടുത്തെങ്കിലും സമീപത്ത് നിന്ന ആളുകൾ ബഹളമുണ്ടാക്കിയതോടെ ആനയുടെ ശ്രദ്ധ തിരിയുകയും ഇരുവരും ഓടി രക്ഷപെടുകയുമായിരുന്നു. പൂപ്പാറ നിവാസികളാണ് രാവിലെ മൂന്നാർ ആനയിറങ്കൽ ഭാഗത്ത് കാട്ടാനയുടെ മുൻപിൽ അകപ്പെട്ടത്.
പൂപ്പാറയിൽ നിന്നും പെരിയകനാലിനു പോകുന്നതിനിടയിൽ കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലാണ് സംഭവം. നിരവധി പേരെ കൊലപ്പെടുത്തിയ മുറിവാലൻ എന്ന ആനയുടെ മുന്നിൽ നിന്നാണ് യാത്രക്കാർ തലനാരിഴക്ക് രക്ഷപെട്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ആന മേഖലയിൽ പരിഭ്രാന്തി സൃഷ്‌ടിച്ചിരിക്കുകയാണ്. നിരവധി കൃഷികളും നശിപ്പിച്ചു.