ഇടുക്കി: അടിമാലി താലൂക്കാശുപത്രിയില്‍ പ്രവര്‍ത്തിച്ച് വരുന്ന ഒ പി വിഭാഗം ഫാര്‍മസിക്ക് മതിയായ സൗകര്യമൊരുക്കണമെന്ന് ആവശ്യം. താലൂക്കാശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനൊപ്പം ഒ പി വിഭാഗം ഫാര്‍മസിയുടെ സ്ഥല സൗകര്യങ്ങള്‍ കൂടി വര്‍ധിപ്പിക്കണമെന്നാണ് രോഗികൾ ആവശ്യപ്പെടുന്നത്.
ആശുപത്രിയുടെ പഴയ കെട്ടിടത്തില്‍ ചുരുങ്ങിയ സ്ഥലപരിമിതിക്കുള്ളിലാണ് ഇപ്പോള്‍ ഫാര്‍മസി പ്രവര്‍ത്തിച്ചു വരുന്നത്. രാവിലെ 8.30 മുതല്‍ 2 മണി വരെ പ്രവര്‍ത്തിക്കുന്ന ഫാര്‍മസിയില്‍ നിന്നും തിരക്കുള്ള ദിവസങ്ങളില്‍ ഏറെ സമയം ക്യൂ നിന്നാല്‍ മാത്രമേ രോഗികള്‍ക്ക് മരുന്ന് കൈപ്പറ്റാനാകു. ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി ഉയരുന്നുണ്ട്.
സ്ഥലപരിമിതി ഉള്ളതിനാല്‍ രോഗികളുടെ നിര മിക്ക ദിവസങ്ങളിലും ഫാര്‍മസി വരാന്തയില്‍ നിന്നും ആശുപത്രി മുറ്റത്തേക്ക് വ്യാപിക്കാറാണ് പതിവ്. അത്തരം സാഹചര്യത്തില്‍ വെയിലും മഴയുമേറ്റുവേണം രോഗികള്‍ മരുന്നിനായി ക്യൂ നില്‍ക്കാൻ. കുട്ടികളുമായി എത്തുന്ന രോഗികള്‍ക്കും പ്രായമായവര്‍ക്കും ഇത് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. കൂടുതല്‍ സ്ഥല സൗകര്യമുള്ളയിടത്തേക്ക് ഫാര്‍മസി മാറ്റി സ്ഥാപിച്ച് ജീവനക്കാരുടെയും കൗണ്ടറുകളുടെയും എണ്ണം വര്‍ധിപ്പിക്കണമെന്നാണ് രോഗികളുടെ ആവശ്യം.