കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയോടുളള എതിർപ്പ് ശക്തമാക്കി ഒരു കൂട്ടം വൈദികർ രംഗത്ത്. അതിരൂപതക്ക് ആലഞ്ചേരിയുടെ നേതൃത്വത്തിൽ മുന്നോട്ടുപോകാൻ കഴിയില്ല. ആർച്ച് ബിഷപ്പ് സ്ഥാനം ആരുടെയും കുടുംബസ്വത്തല്ല. എറണാകുളം അങ്കമാലി അതിരൂപതയിൽ രൂപത അറിയുന്ന അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് വേണമെന്ന അഭിപ്രായവുമായാണ് ഒരുകൂട്ടം വൈദികർ രംഗത്ത് വന്നിരിക്കുന്നത്. സഭയിലെ കാനോനിക നിയമങ്ങൾ കര്‍ദിനാള്‍ മാർ ജോര്‍ജ് ആലഞ്ചേരി ലംഘിച്ചെന്നാണ് വിമത വൈദികര്‍ വിമർശനമായി ഉന്നയിക്കുന്നത്. 251 വൈദികരാണ് എറണാകുളം കലൂരിൽ നടന്ന പ്രാർഥന സംഗമത്തിൽ പങ്കെടുത്തത്.
സഹായമെത്രാന്മാർ ചെയ്ത തെറ്റെന്താണെന്ന് കർദിനാൾ വ്യക്തമാക്കണം. സഹായമെത്രാന്മാരെ നീക്കിയതിന് കാരണം വ്യക്തമാക്കണമെന്നും ഭൂമി വില്‍പനയിലെ വീഴ്ചകൾ അന്വേഷിച്ച കമ്മിഷൻ റിപ്പോർട്ടുകൾ ഉടൻ പുറത്തുവിടണമെന്നും വൈദികര്‍ ആവശ്യപ്പെട്ടു. അതിരൂപതയിലെ പ്രശ്നങ്ങൾ തീരുന്നതുവരെ സ്വതന്ത്ര ചുമതലയുള്ള ഒരു മെത്രാപ്പോലീത്തയെ നിയമിക്കണമെന്നും സഹായമെത്രാന്മാരെയോ വൈദികരെയോ കേസിൽ കുടുക്കിയാൽ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും വൈദികർ പറഞ്ഞു.
ഭൂമി വില്‍പന സമയത്ത് ആരും സിനഡിൽ ആലോചന നടത്തിയിട്ടില്ല. കൃത്യമായ രീതിയിൽ നിയമങ്ങൾ പാലിച്ചിരുന്നെങ്കിൽ കേസുകൾ ഒന്നും തന്നെ ഉണ്ടാകില്ലായിരുന്നുവെന്നും വൈദികര്‍ പറഞ്ഞു. തങ്ങൾ ചെയ്യുന്നത് തങ്ങളുടെ കടമയാണെന്നും സത്യത്തിനായി നിലകൊള്ളുന്നത് വത്തിക്കാൻ പ്രമാണം ആണെന്നും വൈദികർ മാധ്യമങ്ങളോട് വ്യക്തമാക്കി.