എറണാകുളം: തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കേരള രാഷ്ട്രീയത്തിൽ ബിജെപി നിർണായക ശക്തിയായി മാറുമെന്ന് സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിന് ശേഷം കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ഘടകങ്ങളിൽ നിന്ന് ലഭിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നിരവധി സീറ്റുകളിൽ വിജയിക്കുമെന്നാണ് കോർ കമ്മിറ്റി യോഗം വിലയിരുത്തിയത്. ഇരുമുന്നണികൾക്കും കേവല ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരാൻ കഴിയില്ല. ബിജെപി സാന്നിധ്യമില്ലാതെ കേരള രാഷ്ട്രീയത്തിന് മുന്നോട്ട് പോകാൻ കഴിയില്ലന്നും കെ സുരേന്ദ്രൻ പറഞ്ഞു. സ്ഥാനാർഥികളുടെ പത്രിക തള്ളിയ സംഭവത്തിൽ ഗുരുതര വീഴ്‌ചയില്ലെന്നും സാങ്കേതിക പിഴവ് മാത്രമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ മൊത്തത്തിലുള്ള പ്രകടനം, വിജയ സാധ്യതയുള്ള മണ്ഡലങ്ങളിലെ പ്രകടനം എന്നിവ പ്രത്യേകം യോഗം വിലയിരുത്തി. തലശേരി, ഗുരുവായൂർ എന്നിവിടങ്ങളിലെ നാമ നിർദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട് പാർടി നേരിട്ട പ്രതിസന്ധിയും യോഗം ചർച്ച ചെയ്തു. അതേസമയം കൊടകരയിൽ തെരഞ്ഞെടുപ്പ് ഫണ്ടിനായി എത്തിച്ച കള്ളപ്പണം തട്ടിയെടുത്ത സംഭവത്തിലെ ചോദ്യങ്ങളിൽ നിന്നും കെ സുരേന്ദ്രൻ ഒഴിഞ്ഞുമാറി. തെരഞ്ഞെടുപ്പ് ഫണ്ട് തട്ടി എടുത്തു എന്ന സംഭവം ശ്രദ്ധയിൽ പെട്ടിട്ടില്ലന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ബിജെപി കോർ കമ്മിറ്റി ചേർന്നത്. സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ, സംസ്ഥാനത്തിൻ്റെ ചുമതലയുള്ള പ്രഭാരി സിപി രാധാകൃഷ്‌ണൻ, പികെ കൃഷ്‌ണദാസ്, സംസ്ഥാന സംഘടന സെക്രട്ടറി എം ഗണേശൻ തുടങ്ങിയവർ പങ്കെടുത്തു. കേന്ദ്രമന്ത്രി വി മുരളീധരൻ, കുമ്മനം രാജശേഖരൻ, ഒ രാജഗോപാൽ തുടങ്ങിയവർ ഓൺലൈനായും യോഗത്തിൽ പങ്കെടുത്തു.