കൊച്ചി: നാവികസേനയുടെ സാഹസികമായ അഭ്യാസപ്രകടനങ്ങൾ അത്ഭുതത്തോടെ മാത്രമാണ് എല്ലാവരും കണ്ടു നിൽക്കാറുള്ളത്. ഇന്ത്യൻ തീരങ്ങളിൽ ഉൾപ്പെടെ നാവികസേന നൽകുന്ന സുരക്ഷ എത്രമാത്രമാണെന്ന് അറിയാൻ കുറേ പേർക്കെങ്കിലും ആഗ്രഹമുണ്ടാകും. കടലിൽ ഒരു കപ്പലിൽ നിന്ന് മറ്റൊരു കപ്പലിലേക്ക് നടത്തുന്ന രക്ഷാപ്രവർത്തനങ്ങളും അഗ്നിശമന സംവിധാനങ്ങളുമെല്ലാം നാവികസേനയുടെ അഭ്യാസമുറകൾ എത്രമാത്രം മികവുറ്റതാണെന്ന് തെളിയിക്കുന്നതാണ്.
ഒരേ ദിശയിൽ അതിവേഗതയിൽ സഞ്ചരിക്കുന്ന രണ്ട് കപ്പലുകളിൽ നിന്ന് മനുഷ്യനെ ഉൾപ്പെടെ കൈമാറുന്ന സാഹസിക അഭ്യാസമാണ് റീപ്ലേനിഷ് എക്രോസ് സീ. ഒരു കപ്പലിൽ നിന്ന് മറ്റൊരു കപ്പലിലേക്ക് കയറിലൂടെയുള്ള രക്ഷപ്പെടൽ പ്രകടനം ആരുടെയും നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. കടലിൽ അകപ്പെടുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്ന വ്യോമാഭ്യാസ പ്രകടനങ്ങൾ, ഓടുന്ന കപ്പലിൽ അസാമാന്യമായ വൈഭവത്തോടെയുളള ഹെലികോപ്റ്റർ ലാൻഡിങ് എന്നിവ നാവികസേനയുടെ സുരക്ഷാ കഴിവുകൾ വിളിച്ചോതുന്നതാണ്.
കൊച്ചി തീരത്തുനിന്ന് വടക്ക് പടിഞ്ഞാറ് ദിശയിൽ 20 മൈൽ ദൂരത്തേക്കായിരുന്നു കപ്പലിന്റെ യാത്ര. പത്ത് മണിക്കൂർ നീണ്ടുനിന്ന യാത്ര നാവികസേനയുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങൾ പകർന്നുതരുന്നതായിരുന്നു. ഐഎൻഎസ് കപ്പലായ സുനയനയിലാണ് അഭ്യാസപ്രകടനങ്ങൾ നടന്നത്. ഐഎൻഎസ് തീർ, കോസ്റ്റ് ഗാർഡ് കപ്പലായ സാരഥി എന്നിവയും അഭ്യാസപ്രകടനങ്ങളില്‍ പങ്കെടുത്തു. ചേതക് ഹെലികോപ്റ്ററിൽ നിന്ന് കടലിലേക്ക് ഇറങ്ങി ആളെ അതേ രീതിയിൽ തിരികെ കയറ്റുന്ന കാഴ്ച വളരെ സാഹസികമാണ്. നാവികസേനയുടെ മികവ് എത്രമാത്രമാണെന്ന് തെളിയിക്കുന്നതാണ് ഇത്തരത്തിൽ നടത്തുന്ന കടൽ പ്രദർശനങ്ങളെന്ന് നാവികസേന പിആർഒ കമാൻഡർ ശ്രീധർ വാര്യർ പറഞ്ഞു.
മത്സ്യത്തൊഴിലാളികളെ സഹായിക്കുന്നതിനുള്ള ബോട്ട് മുതൽ വിവരങ്ങൾ ശേഖരിക്കാനും സ്ഥിരീകരിക്കാനുമുളള റഡാർ സംവിധാനങ്ങളും കപ്പലിൽ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. കടലിൽ നടക്കുന്ന ഏത് പ്രതിസന്ധികളെയും പ്രതിരോധിക്കാൻ ഇന്ത്യൻ തീര സുരക്ഷാസേന സുസജ്ജമാണെന്നതാണ് ഈ അഭ്യാസപ്രകടനങ്ങളിലൂടെ വ്യക്തമാകുന്നത്.