എറണാകുളം: ചെറായിൽ ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ചെറായി ദേവസ്വം നടയിൽ പള്ളിപ്പുറം പഞ്ചായത്ത് ഓഫിസിന് സമീപത്തെ കുറ്റിപ്പിള്ളിശ്ശേരി ലളിതയെയാണ് (57) ഭര്‍ത്താവ് തലയ്‌ക്കടിച്ച് കൊന്നത്. വ്യാഴാഴ്‌ച പുലർച്ചെ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വീട്ടിൽ നിന്നും രക്ഷപെട്ട ശശി (62) രാവിലെ ആറര മണിയോടെയാണ് ആത്മഹത്യ ചെയ്തത്.
സംഭവ സമയം ലളിത-ശശി ദമ്പതികളുടെ രണ്ട് ആൺമക്കളും വീട്ടില്‍ ഉണ്ടായിരുന്നില്ല. ചെണ്ട മേളക്കാരനായ മകൻ ശരത്ത് മൂത്തകുന്നം ക്ഷേത്രത്തിലെ മേളം കഴിഞ്ഞ് പുലർച്ചെ 5.30ന് വീട്ടിലെത്തിയപ്പോഴാണ് അമ്മയെ കിടപ്പുമുറിയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അതേസമയം വീട്ടിലുണ്ടായിരുന്ന ശശിയെ കാണതായതോടെ കൊലപാതകത്തിന് പിന്നിൽ ഇയാളാണെന്ന സംശയം ഉയര്‍ന്നിരുന്നു. പുലർച്ചെ നാലു മണിയോടെ ഇവരുടെ വീടിനു സമീപത്തെ ദേവസ്വം നട കവലയിൽ ശശിയെ നാട്ടുകാർ കണ്ടിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് ശശിയുടെ മരണം സ്ഥിരീകരിച്ചത്.
ലളിതയുടെ മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിലും, ശശിയുടെ മൃതദേഹം ഫോർട്ടു കൊച്ചി ആശുപത്രിയിലുമാണ് ഉള്ളത്. പോസ്‌റ്റ്‌മാർട്ടത്തിനു ശേഷം ഇന്ന് വൈകുന്നേരം മൃതദേഹങ്ങൾ സംസ്കരിക്കും. മുനമ്പം സി.ഐ. എ.എൽ യേശുദാസിൻ്റെ നേതൃത്വത്തിൽ പൊലിസ്, വീട്ടിലും ആശുപത്രിയിലും എത്തി ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് പൊലിസ് അന്വേഷണം തുടങ്ങി.