എറണാകുളം : സോളാർ പീഡനക്കേസിൽ (Solar Sexual Assault Case ) പരാതിക്കാരി നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കെ സി വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് അംഗീകരിച്ച കീഴ്‌ക്കോടതി ഉത്തരവിനെതിരെയാണ് പരാതിക്കാരി ഹർജി നൽകിയത്. വിഷയത്തിൽ കെ സി വേണുഗോപാലിന് ഹൈക്കോടതി നോട്ടിസ് അയച്ചു (High Court Issued Notice to KC Venugopal).
കേസിൽ സി ബി ഐ, സംസ്ഥാന സർക്കാർ എന്നിവർക്കും ഹൈക്കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. പരാതിക്കാരി നൽകിയ തടസഹർജി തള്ളിക്കൊണ്ടായിരുന്നു തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്. ഈ ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
സി ബി ഐ റിപ്പോർട്ട് അനുവദിച്ച് തടസഹർജി തള്ളിയതിൽ കീഴ്‌ക്കോടതി തിടുക്കം കാട്ടി. പരാതിക്കാരിയെ മുൻ വിധിയോടു കൂടിയാണ് കീഴ്‌ക്കോടതി കണ്ടത്. ചെറു വിചാരണ കണക്കേയാണ് സി ജെ എം കോടതി തടസഹർജി തള്ളി ഉത്തരവിട്ടതെന്നും പരാതിക്കാരി ആരോപണം ഉന്നയിച്ചിട്ടുണ്ട്.
ഗണേഷ് കുമാറിന് ഇളവ് : ഇക്കഴിഞ്ഞ ഒക്‌ടോബർ 16 ന് സോളാർ പരാതിക്കാരിയുടെ കത്തിൽ കൂട്ടിച്ചേർക്കൽ നടത്തിയെന്ന കേസിൽ കെ ബി ഗണേഷ് കുമാറിന് ഹൈക്കോടതി ഇളവ് നൽകിയിരുന്നു. കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിൽ 10 ദിവസത്തേയ്ക്ക് ഹാജരാകേണ്ടതില്ലെന്നായിരുന്നു ഹൈക്കോടതി ഇടക്കാല ഉത്തരവ് (Solar Case HC Order K B Ganesh Kumar ). കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഗണേഷ് കുമാറിന്‍റെ ഹർജിയിലായിരുന്നു കോടതി ഇടപെടൽ.
കെ ബി ഗണേഷ് കുമാറിനെയും സോളർ കേസിലെ പരാതിക്കാരിയെയും എതിർകക്ഷികളാക്കി അഡ്വക്കേറ്റ് സുധീർ ജേക്കബ് നൽകിയ പരാതിയിൽ ഗണേഷ് നേരിട്ട് ഹാജരാകാൻ മജിസ്ട്രേറ്റ് കോടതി സമൻസ് അയച്ചിരുന്നു. എന്നാൽ, പരാതിക്കാരിയുടെ കത്ത് വ്യാജമല്ലെന്നും കത്ത് എഴുതിയതും ഒപ്പിട്ടതും കോടതിയിൽ ഹാജരാക്കിയതും പരാതിക്കാരി തന്നെയാണെന്നും ഗണേഷ് വാദിച്ചു. ഈ സാഹചര്യത്തിൽ എങ്ങനെയാണ് കത്തിൽ കൂട്ടിച്ചേർക്കലുകൾ വരുത്തിയെന്ന ആരോപണം നിലനിൽക്കുകയെന്നും ഗണേഷ് കുമാർ കോടതിയിൽ പറഞ്ഞു.
കത്തിൽ തിരുത്തൽ വരുത്താൻ ഗണേഷ് കുമാർ ഗൂഢാലോചന നടത്തിയെന്നും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേർത്തതാണെന്നും ഉൾപ്പെടെയാണ് കീഴ്‌ക്കോടതിയിലുള്ള പരാതിയിലുള്ള ആരോപണങ്ങൾ.