തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയോട് ചേര്‍ന്നുള്ള നീതി മെഡിക്കൽ സ്റ്റോറിനോടുള്ള അധികൃതരുടെ അവഗണന തുടരുന്നു. ആശുപത്രിയുടെ മുമ്പില്‍ ആഘോഷപൂര്‍വ്വം ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോറിന്റെ പ്രവർത്തനം ഇപ്പോള്‍ ആശുപത്രി കെട്ടിടത്തിന് പിന്നില്‍ മോര്‍ച്ചറിക്ക് സമീപത്താണ്. കോൺക്രീറ്റ് പാളികൾ തകര്‍ന്ന് ചോർന്നൊലിക്കുന്ന മെഡിക്കൽസ്റ്റോറില്‍ മരുന്നുകൾ സുരക്ഷിതമായി സൂക്ഷിക്കാന്‍ പോലും ഇടമില്ല. ഇത് കാരണം വില പിടിപ്പുള്ള മരുന്നുകള്‍ കേടാവുന്നു.
ആശുപത്രിയുടെ മുൻഭാഗത്തായി പ്രവർത്തിച്ചിരുന്നപ്പോൾ നിരവധി നിർധനർക്ക് സഹായകരമായിരുന്നതിന് പുറമെ ദിനംപ്രതി ഒന്നര ലക്ഷം രൂപയിലധികം വരുമാനം ഉണ്ടായിരുന്നു. ഇന്ന് പ്രതിദിനം ഇരുപതിനായിരം രൂപക്ക് താഴെയാണ് വിറ്റുവരവ്. ആശുപത്രിയുടെ മുൻഭാഗത്ത് കെട്ടിടങ്ങൾ ഒഴിഞ്ഞ് കിടക്കുമ്പോള്‍ നീതി മെഡിക്കൽ സ്റ്റോറിനെ അവഗണിക്കുന്നത് സ്വകാര്യ മെഡിക്കൽ സ്റ്റോറുകളെ സഹായിക്കാനാണെന്നും ആക്ഷേപമുണ്ട്. ഇതിന്‍റെ പേരില്‍ ആശുപത്രി ജീവനക്കാര്‍ മാസപ്പടി പറ്റുന്നുണ്ടെന്നും ആരോപണമുണ്ട്.
14 മുതൽ 65 ശതമാനം വരെ വില കുറവിലാണ് നീതി മെഡിക്കൽ സ്റ്റോറില്‍ മരുന്നുകൾ ലഭിക്കുന്നത്. 24 മണിക്കൂർ സേവനവും ഉണ്ട്. അതിനാല്‍ ഈ സ്ഥാപനത്തോട് അധികൃതര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാണ് നാട്ടൂകാരുടെ ആവശ്യം.