ആലപ്പുഴ: തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം പറഞ്ഞ് വോട്ടഭ്യർഥിക്കുന്നതിന് പകരം വർഗീയതയാണ് സി.പി.എം പറയുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. ഓരോ സ്ഥലത്തും സാമുദായിക പ്രത്യേകതക്ക് അനുസരിച്ചാണ് സി.പി.എം തെരഞ്ഞെടുപ്പിനെ നേരിടാൻ ശ്രമിക്കുന്നത്. അതിന്റെ പ്രത്യക്ഷമായ തെളിവാണ് കഴിഞ്ഞ ദിവസം മഞ്ചേശ്വരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗം. കേരളത്തിലെ കഴിഞ്ഞ നാല് വർഷക്കാലത്തെ എൽ.ഡി.എഫ് സർക്കാരിന്‍റെ ഭരണനേട്ടങ്ങളും ശബരിമല വിഷയവും തെരഞ്ഞെടുപ്പിൽ ചർച്ചയായാൽ കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിടേണ്ടി വന്ന തിരിച്ചടി ആവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രിക്ക് ഭയമാണ്. അതുകൊണ്ടാണ് വര്‍ഗീയ കാര്‍ഡ് ഇറക്കുന്നതെന്നും എം.ടി രമേശ് ആരോപിച്ചു.
കിഫ്‌ബിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നല്‍കാന്‍ ധനമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. കിഫ്ബിയുമായി ബന്ധപ്പെട്ട് ധവളപത്രമിറക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. കേരളാ ബാങ്ക് അനുമതി സാങ്കേതികം മാത്രമാണ്. സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് കേരളാ ബാങ്കെന്നും അദ്ദേഹം ആരോപിച്ചു. അരൂരിൽ വിജയിക്കാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഒരു സംഘടനയെയും ബോധ്യപ്പെടുത്താനല്ല ശബരിമല വിഷയത്തിൽ നിലപാട് സ്വീകരിക്കുന്നതെന്നും എം.ടി രമേശ് പറഞ്ഞു.