ആലപ്പുഴ: ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ യു.ഡി.എഫ് തങ്ങളുടെ സ്ഥാനാർഥിയെ സംബന്ധിച്ച് ധാരണയിലെത്തി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന അഡ്വ. ഷാനിമോൾ ഉസ്മാൻ തന്നെയാണ് അരൂരിൽ യുഡിഎഫിന് വേണ്ടി അങ്കത്തിനിറങ്ങുക. എ.ഐ.സി.സി മുൻ സെക്രട്ടറിയും മഹിളാ കോൺഗ്രസ് നേതാവുമായിരുന്ന ഷാനിമോൾ ജില്ലയിൽ നിന്നുള്ള പ്രധാന ഐ ഗ്രൂപ്പ് നേതാവാണ്. കോൺഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനം വരെ അലങ്കരിച്ചിട്ടുള്ള ഇരുത്തം വന്ന നേതാവാണ് അഡ്വ. ഷാനിമോൾ ഉസ്മാൻ. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ ഷാനിമോൾ ഏറെക്കാലം ആലപ്പുഴ നഗരസഭാ ചെയർപേഴ്‌സൺ ആയിരുന്നു. ഔദ്യോഗിക പ്രഖ്യാപനം നാളെ രാവിലെ ഒമ്പത് മണിയോടെ ഉണ്ടാകുമെന്നാണ് കെ.പി.സി.സി ഭാരവാഹികളിൽ നിന്നും ലഭ്യമായ സൂചന. 30നാവും ഷാനിമോൾ നാമനിർദേശപത്രിക സമർപ്പിക്കുക.
ആദ്യം മുതൽ തന്നെ സ്ഥാനാർഥിത്വത്തിന് വേണ്ടി വാശിപിടിച്ച ഷാനിമോളുടെ ആവശ്യം കെ.പി.സി.സി നേതൃത്വം അംഗീകരിക്കുകയായിരുന്നു. പാർലമെൻറ് തെരഞ്ഞെടുപ്പിൽ അരൂർ മണ്ഡലത്തിൽ സിറ്റിങ് എം.എൽ.എ ആയിരുന്ന ആരിഫിനെക്കാൾ കൂടുതൽ വോട്ട് ഷാനിമോൾ നേടിയെന്നത് പാര്‍ട്ടിക്ക് അനുകൂല സ്ഥിതിയുണ്ടാക്കുമെന്നാണ് കെ.പി.സി.സി നേതൃത്വത്തിന്‍റെ വിലയിരുത്തൽ.