ആലപ്പുഴ : കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരായി കോൺഗ്രസ് - ലീഗ് - ബിജെപി എന്ന പഴയ കോ-ലി-ബി സഖ്യം പൊടിതട്ടിയെടുക്കാനാണ് യുഡിഎഫ് നേതാക്കൾ ശ്രമിക്കുന്നതെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ ആരോപിച്ചു. കോ-ലി-ബി സഖ്യവുമായി ഇടതുപക്ഷ മുന്നണിയെ നേരിടാമെന്ന വ്യാമോഹമാണ് എങ്കിൽ അത് നടപ്പാവില്ല. കേരളത്തിൽ കോ-ലി-ബി സഖ്യമായിരുന്നു ഐക്യജനാധിപത്യ മുന്നണിയുടെ അന്ത്യത്തിന് കാരണമായത് എന്നും ചിത്തരഞ്ജൻ പറഞ്ഞു.
സംസ്ഥാനത്ത് വർഗ്ഗീയ ശക്തികളുടെ -കൂട്ടുപിടിച്ചു ഇടതുമുന്നണിക്കെതിരെ യുദ്ധം ചെയ്യാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥികളായി ജയിക്കുന്നവർ പിന്നീട് ബിജെപിയിലേക്ക് പോകില്ലെന്നതിന് എന്താണ് ഉറപ്പെന്നും ചിത്തരഞ്ജൻ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ഭൂമിയില്ലാത്തവർക്ക് ഭൂമി കണ്ടെത്തി ഫ്ലാറ്റ് നിർമിച്ചു കൊടുക്കുമെന്നതാണ് ഇടതുമുന്നണിയുടെ പ്രകടനപത്രിക. എന്നാൽ എന്തുകൊണ്ടാണ് യുഡിഎഫ് പ്രകടന പത്രികയിൽ ഇതുസംബന്ധിച്ച എന്തെങ്കിലും പരാമർശം കാണുവാൻ കഴിയുമോ എന്നും ചിത്തരഞ്ജൻ ചോദിച്ചു. ആലപ്പുഴയിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു ചിത്തരഞ്ജൻ.