ആലപ്പുഴ: വള്ളികുന്നത്ത് കൊല്ലപ്പെട്ട വനിതാ സിവിൽ പൊലീസ് ഓഫീസർ സൗമ്യ പുഷ്പാകരന്റെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും. വിദേശത്തുള്ള ഭർത്താവ് സജീവ് ഇന്ന് രാത്രിയോടെ നാട്ടിൽ എത്തും. സജീവ് എത്താൻ വൈകിയതാണ് സംസ്കാരചടങ്ങുകൾ ഇത്രയും ദിവസം നീണ്ടുപോകാൻ കാരണം.
അവധിക്ക് നാട്ടിലെത്തിയ ഭർത്താവ് സജീവ് മൂന്നാഴ്ച മുമ്പാണ് വിദേശത്തേക്ക് മടങ്ങിയത്. വിദേശത്തായിരുന്ന സൗമ്യയുടെ സഹോദരി കഴിഞ്ഞ ദിവസം നാട്ടിൽ എത്തിയിരുന്നു. സൗമ്യയുടെ മക്കളായ ഋഷികേശിന്റെയും ആദികേശിന്റെയും ഋതികയുടെയും അമ്മയെ തേടിയുള്ള നിലവിളികളാണ് ക്ലാപ്പനയിലെ സൗമ്യയുടെ വീട്ടിൽ നിന്ന് ഉയരുന്നത്. ഇളയ മകൾ ഋതികയ്ക്ക് നാല് വയസ്സുമാത്രമാണ് പ്രായം. സൗമ്യയുടെ വേർപാട് ഇരുട്ടുവീഴ്ത്തിയത് ഈ മൂന്ന് കുരുന്നുകളുടെ ജീവിതങ്ങൾ കൂടിയാണ്. സൗമ്യയുടെ മൃതദേഹം ഇപ്പോൾ ഓച്ചിറ പരബ്രഹ്മം ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. നാളെ രാവിലെ തന്നെ സംസ്കാര ചടങ്ങുകൾ നടത്താനാണ് ആലോചിക്കുന്നതെന്ന് ബന്ധുക്കൾ അറിയിച്ചു.