വെംബ്ലി: യൂറോ കപ്പ് ഫൈനലില്‍ ആരാധകരുടെ മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ടിനെതിരെ യുവേഫ നാല് വ്യത്യസ്ത കുറ്റങ്ങൾ ചുമത്തി. ആരാധകര്‍ കളിസ്ഥലത്ത് ആക്രമണം നടത്തുക, വസ്തുക്കൾ എറിയുക, എതിര്‍ രാജ്യത്തിന്‍റെ ദേശീയ ഗാനത്തോട് അസ്വസ്ഥത പ്രകടിപ്പിക്കുക, പടക്കം പൊട്ടിക്കുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. യുവേഫ ഡിസിപ്ലിനറി റെഗുലേഷന്‍റെ (ഡിആർ) ആർട്ടിക്കിൾ 16ന്‍റെ ലംഘനുമായി ബന്ധപ്പെട്ടതാണ് പ്രസ്തുത കുറ്റങ്ങള്‍.
ഇംഗ്ലണ്ടിനെതിരെ അച്ചടക്ക നടപടികള്‍ ആരംഭിച്ചതായും യുവേഫ പ്രസ്താനവയില്‍ അറിയിച്ചു. അതേസമയം വെംബ്ലിയില്‍ നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ പെനാള്‍ട്ടി ഷൂട്ടൗട്ടിലാണ് ഇറ്റലി പരാജയപ്പെടുത്തിയത്. മത്സരത്തിന് മുന്‍പ് ശേഷവും ഇംഗ്ലണ്ട് ആരാധകര്‍ക്കെതിരെ നിരവധി പരാതികളുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് യുവേഫയുടെ നടപടി.
also read: ക്രിസ്റ്റ്യാനോയില്ല, യുവേഫയുടെ യൂറോ ടീമിനെ പ്രഖ്യാപിച്ചു
ഫൈനലില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് ഇംഗ്ലീഷ് താരങ്ങളായ റാഷ്‌ഫോര്‍ഡ്, ജേഡന്‍ സാഞ്ചോ, ബുകായോ സാക്ക എന്നിവര്‍ക്കെതിരെ ഒരു കൂട്ടം ഇംഗ്ലണ്ട് ആരാധകര്‍ വംശീയ അധിക്ഷേപം നടത്തി രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് ട്വീറ്റുകളാണ് ട്വിറ്റര്‍ നീക്കം ചെയ്തത്. നിരവധി അക്കൗണ്ടുകൾ വിലക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ സെമി ഫൈനല്‍ മത്സരത്തിനിടെ ഡെൻമാർക്ക് ഗോൾകീപ്പർ കാസ്‌പർ ഷ്‌മൈക്കലിന്‍റെ മുഖത്തേക്ക് ഇംഗ്ലണ്ട് ആരാധകർ ലേസർ പ്രയോഗം നടത്തിയ സംഭവത്തിൽ ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന് യുവേഫ പിഴ വിധിച്ചിരുന്നു. 30,000 യൂറോ (ഏകദേശം 26 ലക്ഷത്തിലേറെ രൂപ) ആണ് യുവേഫ പിഴ ചുമത്തിയിരുന്നത്.