മ്യൂണിച്ച്: കൊവിഡ് വൈറസിന്‍റെ വകഭേദമായ ഡെല്‍റ്റ വൈറസിന്‍റെ സാന്നിധ്യമുള്ളതിനാല്‍ യൂറോ പ്രീക്വാര്‍ട്ടറിലെ ഇംഗ്ലണ്ട്- ജര്‍മ്മനി മത്സരം കാണാന്‍ വെംബ്ലിയിലേക്ക് പോകരുതെന്ന് മുന്നറിയിപ്പ്. വേള്‍ഡ് മെഡിക്കല്‍ അസോസിയേഷനാണ് ജര്‍മ്മന്‍ ആരാധകര്‍ക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.
നിര്‍ദേശം മാനിക്കാതെ ഇംഗ്ലണ്ടിലേക്ക് പോവുകയാണെങ്കില്‍ രണ്ട് ആഴ്ചത്തെ നിരീക്ഷത്തില്‍ പോകേണ്ടി വരുമെന്നും അസോസിയേഷന്‍ അറിയിച്ചു. കൊവിഡ് വാക്സിന്‍ സ്വീകരിക്കുകയും കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുകയും ചെയ്യുന്ന ഒരാളെങ്കിലും വെംബ്ലിയിലേക്ക് പോകുന്നത് പരിമിതമായ അപകടസാധ്യതയാണെന്ന് വേൾഡ് മെഡിക്കൽ അസോസിയേഷൻ ചെയർമാൻ ഫ്രാങ്ക് അൾറിക് മോണ്ട്ഗോമറി പ്രതികരിച്ചു.
also read: യൂറോ കപ്പില്‍ ഇനി പ്രീക്വാർട്ടർ; മത്സര ക്രമവും പോരാളികളും ഇങ്ങനെ..
വാക്സിനെടുക്കാത്ത കൊവിഡ് നിയമങ്ങള്‍ പാലിക്കാത്ത ഒരാള്‍ രോഹ വാഹകനാവാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരം നിര്‍ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കാന്‍ മാത്രമേ തനിക്ക് കഴിയൂവെന്നും, എന്തുകൊണ്ടാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇതിന് അനുവദിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് പിന്നാലെ വെംബ്ലിയിലെ കാണികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് 45,000 പേരെയും തുടര്‍ന്ന് നടക്കുന്ന സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് 60,000 പേരെയും പ്രവേശിപ്പിക്കാനാണ് യുവേഫ തീരുമാനം. ജൂണ്‍ 29നാണ് യൂറോപ്പയില്‍ ഇംഗ്ലണ്ട്- ജര്‍മ്മനി പ്രീ ക്വാര്‍ട്ടര്‍ മത്സരം നടക്കുക.