ഇഗോര്‍ സ്റ്റിമാച്ച് പരിശീലകനാകുന്നത് ഇന്ത്യന്‍ ഫുട്ബോളിന് നേട്ടമാകുമെന്ന് ക്രൊയേഷ്യന്‍ ഇതിഹാസം ഡേവര്‍ സൂക്കര്‍. സ്പെയിനിലും ഇംഗ്ലണ്ടിലും കളിച്ചിട്ടുള്ള സ്റ്റിമാക്കിന്‍റെ പരിചയസമ്പത്ത് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഗുണം ചെയ്യും. പ്രതിബദ്ധതയുള്ള കളിക്കാരനായിരുന്ന സ്റ്റിമാച്ചിന് ഇന്ത്യയിലെ യുവതാരങ്ങളെ ഏറെ സ്വാധീനിക്കാനാകുമെന്നും സൂക്കര്‍ പറഞ്ഞു.
1998ലെ ലോകകപ്പ് സെമിയില്‍ എത്തിയ ക്രൊയേഷ്യന്‍ ടീമില്‍ അംഗങ്ങളായിരുന്ന സൂക്കറും സ്റ്റിമാച്ചും ഇംഗ്ലീഷ് ക്ലബ്ബ് വെസ്റ്റ്ഹാം യുണൈറ്റഡിലും ഒരുമിച്ച് കളിച്ചിട്ടുണ്ട്. 1998ലെ ലോകകപ്പില്‍ ടോപ്പ് സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് നേടിയ സൂക്കര്‍ നിലവില്‍ ക്രൊയേഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റാണ്.
മുൻ പരിശീലകനായിരുന്ന സ്റ്റീഫന്‍ കോണ്‍സ്റ്റന്‍റൈന് പകരക്കാരനായാണ് സ്റ്റിമാച്ചിന്‍റെ നിയമനം. മുന്‍ ബെംഗളുരു എഫ്സിയുടെ പരിശീലകൻ ആല്‍ബര്‍ട്ട് റോക്കയെ മറികടന്നാണ് സ്റ്റിമാച്ചിന്‍റെ നിയമനം. 2012 ജൂലൈ മുതല്‍ 2013 ഒക്ടോബര്‍ വരെ സ്റ്റിമാച്ച് ക്രൊയേഷ്യയുടെ പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇറാനിയന്‍ ക്ലബ്ബ് സെപാഹന്‍, ഖത്തര്‍ ക്ലബ്ബ് അല്‍ഷഹാനിയ എന്നി ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള ഇദ്ദേഹത്തിന് ഏഷ്യന്‍ ഫുട്‌ബോളിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ളത് ടീമിന് ഗുണം ചെയ്തേക്കും.