വെല്ലിങ്ടണ്‍ : 2021ലെ ഏറ്റവും മികച്ച ന്യൂസിലന്‍ഡ് ക്രിക്കറ്ററായി പേസര്‍ ടിം സൗത്തി തെരഞ്ഞെടുക്കപ്പെട്ടു. സർ റിച്ചാർഡ് ഹാഡ്‌ലിയുടെ പേരിലാണ് രാജ്യത്തെ മികച്ച ക്രിക്കറ്റര്‍ക്ക് പുരസ്‌കാരം നല്‍കുന്നത്. 14 വര്‍ഷം നീണ്ട കരിയറില്‍ ആദ്യമാണ് സൗത്തി പ്രസ്‌തുത പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെടുന്നത്.
സീസണിൽ മൂന്ന് ഫോർമാറ്റുകളിലുമായുള്ള മിന്നുന്ന പ്രകടനമാണ് താരത്തിന് തുണയായത്. ടെസ്റ്റ് ക്രിക്കറ്റില്‍ 23.88 ശരാശരിയിൽ 36 വിക്കറ്റുകൾ വീഴ്ത്താന്‍ താരത്തിനായിരുന്നു. പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്‌ക്കെതിരായ നിർണായക അഞ്ച് വിക്കറ്റ് പ്രകടനവും ഇതില്‍ ഉള്‍പ്പെടുന്നു.
ഇംഗ്ലണ്ടിനെതിരെ ലോർഡ്‌സിൽ 6/43 എന്നതാണ് സീസണില്‍ താരത്തിന്‍റെ മികച്ച പ്രകടനം. ടെസ്റ്റിൽ ന്യൂസിലാൻഡിനായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ മൂന്നാമത്തെ ബൗളറാണ് സൗത്തി. ഇതേവരെ 338 ടെസ്റ്റ് വിക്കറ്റുകളാണ് താരത്തിന്‍റെ പേരിലുള്ളത്.
ഡാനിയൽ വെട്ടോറി (361), സർ റിച്ചാർഡ് ഹാഡ്‌ലി (431) എന്നിവരാണ് താരത്തിന് മുന്നിലുള്ളത്. ഇതിഹാസ താരത്തിന്‍റെ പേരിലുള്ള അവാര്‍ഡ് ലഭിച്ചത് വലിയ ബഹുമതിയാണെന്ന് സൗത്തി പ്രതികരിച്ചു. ഐപിഎല്‍ 15ാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് 33കാരനായ സൗത്തി പ്രതിനിധീകരിക്കുന്നത്.