സിഡ്‌നി: ടി20 ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ആദ്യ സെമിയില്‍ ന്യൂസിലൻഡും പാകിസ്ഥാനും ഏറ്റുമുട്ടും. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം ആരംഭിക്കുക.
സൂപ്പര്‍ 12ല്‍ ഗ്രൂപ്പ് ഒന്നില്‍ ഒന്നാം സ്ഥാനക്കാരായാണ് കിവീസ് സെമിക്കെത്തുന്നത്. ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യയ്‌ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായിരുന്നു പാകിസ്ഥാന്‍. സൂപ്പര്‍ 12ലെ അഞ്ച് മത്സരങ്ങളില്‍ മൂന്ന് വിജയങ്ങളാണ് ഇരു ടീമുകളും നേടിയത്.
ഗ്രൂപ്പ് ഒന്നില്‍ കിവീസ് ഒരു മത്സരത്തില്‍ തോല്‍വി വഴങ്ങിയപ്പോള്‍ മറ്റൊരു മത്സരം മഴയെടുത്തു. ഗ്രൂപ്പ് രണ്ടില്‍ പുറത്താവലിന്‍റെ വക്കില്‍ നിന്നായിരുന്നു പാകിസ്ഥാന്‍റെ തിരിച്ച് വരവ്. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റ് തുടങ്ങിയ പാകിസ്ഥാന്‍ തുടര്‍ന്ന് സിംബാബ്‌വെയോടും കീഴടങ്ങിയിരുന്നു.
ഇതിനിടെ കരുത്തരായ ദക്ഷിണാഫ്രിക്കയെ നെതര്‍ലന്‍ഡ്‌സ് അട്ടിമറിച്ചതും പാകിസ്ഥാന് തുണയായി. ടി20, ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഇതേവരെ പാകിസ്ഥാനെ തോല്‍പ്പിക്കാന്‍ ന്യൂസിലന്‍ഡിന് കഴിഞ്ഞിട്ടില്ല. നേരത്തെ മൂന്ന് തവണ നേര്‍ക്കുനേരെത്തിയപ്പോഴും വിജയം പാകിസ്ഥാനൊപ്പമായിരുന്നു.
ഓസീസ് മണ്ണില്‍ ഈ ചരിത്രം തുടരാന്‍ ബാബര്‍ അസമും സംഘവും ഇറങ്ങുമ്പോള്‍ മാറ്റിയെഴുതാനാവും കെയ്‌ന്‍ വില്യംസണ്‍ നേതൃത്വം നല്‍കുന്ന ന്യൂസിലന്‍ഡിന്‍റെ ശ്രമം.
പിച്ച് റിപ്പോര്‍ട്ട്: ബാറ്റര്‍മാര്‍ക്ക് പിന്തുണ നല്‍കുന്നതാണ് സിഡ്‌നിയിലെ പിച്ച്. തുടക്കത്തില്‍ പേസര്‍മാര്‍ക്ക് കാര്യമായ പിന്തുണ ലഭിക്കില്ല. മധ്യ ഓവറുകളില്‍ റണ്‍സ് നിയന്ത്രിക്കുന്നില്‍ സ്‌പിന്നര്‍മാര്‍ നിര്‍ണായകമാവും.
സാധ്യത ഇലവന്‍
ന്യൂസിലന്‍ഡ്: കെയ്ൻ വില്യംസൺ (സി), ഫിൻ അലൻ, ഡെവൺ കോൺവേ, ഡാരിൽ മിച്ചൽ, ജെയിംസ് നീഷാം, മിച്ചൽ സാന്‍റ്നർ, ഗ്ലെൻ ഫിലിപ്സ്, ട്രെന്‍റ് ബോൾട്ട്, ലോക്കി ഫെർഗൂസൺ, ഇഷ് സോധി, ടിം സൗത്തി.
പാകിസ്ഥാന്‍: ബാബര്‍ അസം (സി), മുഹമ്മദ് റിസ്‌വാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് ഹാരിസ്, ഷാന്‍ മസൂദ്, മുഹമ്മദ് വസിം, നസീം ഷാ, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീദി.