മുംബൈ: ഏഷ്യ കപ്പിനുള്ള (Asia Cup) ഇന്ത്യന്‍ സ്ക്വാഡില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ (Sanju Samson) ഇടം കണ്ടെത്തിയേക്കില്ലെന്ന് സൂചന. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മോശം പ്രകടനമാണ് താരത്തിന് ടീമില്‍ നിന്നും പുറത്തേക്കുള്ള വഴി തുറക്കുന്നതെന്നാണ് ബിസിസിഐ (BCCI) ഉറവിടങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഇതോടെ താരത്തിന്‍റെ ലോകകപ്പ് മോഹങ്ങളും അവസാനിക്കാനാണ് സാധ്യത.
വിന്‍ഡീസ് പര്യടനത്തില്‍ ബാറ്റുകൊണ്ട് മികവ് കാട്ടാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. പര്യടനത്തിലെ അവസാന രണ്ട് ഏകദിനങ്ങള്‍ക്കും ഇന്ത്യയ്‌ക്കായി കളിച്ച സഞ്ജു മൂന്നാം മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടി. എന്നാല്‍, പിന്നീട് കളിച്ച ടി20 മത്സരങ്ങളിലൊന്നും ഇതേ പ്രകടനം ആവര്‍ത്തിക്കാന്‍ സഞ്ജുവിന് കഴിഞ്ഞിരുന്നില്ല.
12, 7, 13 എന്നിങ്ങനെയായിരുന്നു ബാറ്റിങ്ങിനിറങ്ങിയ മത്സരങ്ങളില്‍ സഞ്ജുവിന്‍റെ സ്‌കോര്‍. ഈ പ്രകടനങ്ങള്‍ കണക്കിലെടുത്താണ് ഇപ്പോള്‍ സഞ്ജു ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം പിടിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഓഗസ്റ്റ് 20നാണ് ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിക്കുക.
ഈ വരുന്ന ഓഗസ്റ്റ് 30നാണ് ഏഷ്യ കപ്പ് ആരംഭിക്കുന്നത്. സെപ്‌റ്റംബര്‍ രണ്ടിന് പാകിസ്ഥാനെതിരെയാണ് ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ഏഷ്യ കപ്പിനുള്ള ടീമിനെ മാത്രമായിരിക്കും ആദ്യം പ്രഖ്യാപിക്കുകയെന്നും ലോകകപ്പ് സ്ക്വാഡ് അതിന് ശേഷം മാത്രമായിരിക്കും പ്രഖ്യാപിക്കുന്നത് എന്നുമാണ് നിലവില്‍ ബിസിസഐ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
Also Read : Sanju Samson| ധോണിയെ ഗാംഗുലി ചെയ്‌തതുപോലെ; സഞ്‌ജുവിന്‍റെ കാര്യത്തിലും ആ തീരുമാനമെടുക്കണം
കെഎല്‍ രാഹുലിന്‍റെ (KL Rahul) തിരിച്ചുവരവും ഇഷാന്‍ കിഷന്‍റെ ഫോമും ആണ് നിലവില്‍ സഞ്ജുവിന് തിരിച്ചടിയായത്. കൂടാതെ പരിക്കില്‍ നിന്നും മുക്തനായെത്തുന്ന പേസര്‍ പ്രസിദ് കൃഷ്‌ണയെ ജസ്‌പ്രീത് ബുംറയ്‌ക്കൊപ്പം കളിപ്പിക്കാന്‍ ടീം ഇന്ത്യ ആഗ്രഹിക്കുന്നു എന്നതും സഞ്ജുവിന്‍റെ വാതിലുകള്‍ അടയ്‌ക്കാനാണ് സാധ്യത. പരിക്കിനെ തുടര്‍ന്ന് എന്‍സിഎയില്‍ കഴിയുന്ന താരങ്ങളുടെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട ആശങ്ക നിലനില്‍ക്കുന്നത് കൊണ്ടാണ് നിലവില്‍ ടീം പ്രഖ്യാപനത്തില്‍ കാലതാമസം നേരിടേണ്ടി വരുന്നതെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, നിലവില്‍ അയര്‍ലന്‍ഡ് പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനൊപ്പമാണ് സഞ്ജു സാംസണ്‍. ജസ്‌പ്രീത് ബുംറ നായകനായ ടീമിലെ ഒന്നാം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആയിട്ടാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അയര്‍ലന്‍ഡിലെ മൂന്ന് മത്സരങ്ങളില്‍ നിന്നും റണ്‍സ് കണ്ടെത്തി വിമര്‍ശകരുടെ വായടപ്പിക്കാനാകും ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ ശ്രമം. നാളെയാണ് (ഓഗസ്റ്റ 18) ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിലെ ആദ്യ ടി20 മത്സരം. രണ്ടാം മത്സരം ഓഗസ്റ്റ് 20നും മൂന്നാം മത്സരം 23നുമാണ് നടക്കുന്നത്.
Also Read : ഉറപ്പിക്കാമോ സഞ്ജു: ജിതേഷും റിങ്കുവും റിതുരാജും ഉറപ്പിച്ചു, കളഞ്ഞുകുളിച്ച അവസരങ്ങളുടെ വിലയിതാ...