മുംബൈ: തിലക് വർമ എന്ന യുവതാരത്തിന്‍റെ വളർച്ച ഇന്ത്യൻ ക്രിക്കറ്റിനും ആരാധകർക്കും നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലൂടെ രാജ്യാന്തര അരങ്ങേറ്റം നടത്തിയ തിലക് വര്‍മ മിന്നും പ്രകടനം നടത്തിയിരുന്നു. പേരുകേട്ട പല താരങ്ങളും ദയനീയ പ്രകടനം നടത്തിയപ്പോള്‍ പരമ്പരയില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും തിലക് മിന്നും പ്രകടനം നടത്തിയിരുന്നു.
നാലാം നമ്പറില്‍ ഉത്തരവാദിത്തത്തോടെയും ആകർഷകവുമായ ശൈലിയിലുമായിരുന്നു 20-കാരന്‍ ബാറ്റി വീശിയത്. ഏകദിന ലോകകപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ഇന്ത്യന്‍ ടീമില്‍ ആശങ്ക നിലനില്‍ക്കുന്ന സ്ഥാനമാണിത്. യുവരാജ് സിങ്ങിന്‍റെ വിരമിക്കലിന് ശേഷം ഒരു താരത്തിനും നാലാം നമ്പരിൽ സ്ഥിര സാന്നിധ്യമാകാൻ കഴിഞ്ഞിട്ടില്ല. സമീപകാലത്തായി ശ്രേയസ് അയ്യരായിരുന്നു പ്രസ്‌തു സ്ഥാനം കയ്യാളിയിരുന്നത്.
എന്നാല്‍ പരിക്കിന്‍റെ പിടിയിലുള്ള താരത്തിന്‍റെ പങ്കാളിത്തം ടൂര്‍ണമെന്‍റില്‍ ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ നാലാം സ്ഥാനത്തിനായി തിലക് വര്‍മയെ പരിഗണിക്കുമോയെന്നാണ് ആരാധകരില്‍ ചിലര്‍ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ഇതു സംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.
വ്യക്തമായ ഒരു മറുപടി നല്‍കുന്നതില്‍ നിന്നും ഒഴിഞ്ഞ് മാറിയ രോഹിത്, തിലകിന്‍റെ കഴിവിനെ പുകഴ്‌ത്തുകയാണ് ചെയ്‌തത്. " ഭാവിയിലെ ഒരു വലിയ വാഗ്ദാനമാണവന്‍. രണ്ട് വർഷമായി ഞാൻ അവനെ കാണുന്നുണ്ട്. അവന് കളിയോട് അഭിനിവേശമുണ്ട്.
അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പ്രായത്തില്‍ കവിഞ്ഞ പക്വത അവനില്‍ കാണാന്‍ കഴിയും. തന്‍റെ ബാറ്റിങ്ങിനെക്കുറിച്ച് തിലകിന് നന്നായി അറിയാം. എവിടെ, എങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ അവനുണ്ട്.
സംസാരിക്കുമ്പോഴെല്ലാം എനിക്ക് അതാണ് തോന്നിയിട്ടുള്ളത്. തിലകിനെക്കുറിച്ച് ഇത്രയേ ഞാന്‍ പറയൂ. ലോകകപ്പിനെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചും എനിക്ക് അറിയില്ല. പക്ഷേ തീർച്ചയായും, അവന്‍ കഴിവുള്ളവനാണ്. ഇന്ത്യക്ക് വേണ്ടി കളിച്ച ഈ കുറച്ച് മത്സരങ്ങളിൽ നിന്നും അവന്‍ അതു കാണിച്ച് തന്നിട്ടുണ്ട്" രോഹിത് ശര്‍മ വ്യക്തമാക്കി.
അതേസമയം ലോകകപ്പ് നേടുകയെന്നത് തന്‍റെ സ്‌പ്‌നമാണെന്നും രോഹിത് ശര്‍മ പറഞ്ഞു. ഒരു ഏകദിന ലോകകപ്പ് വിജയിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ല. അതു നേടുകയെന്നത് തന്‍റെ എന്‍റെ വലിയ സ്വപ്‌നമാണ്. ഇക്കുറി അതിനായി സ്വന്തം മണ്ണില്‍ പോരാടുകയെന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്.
ഒരു കളിക്കാരനെ വച്ച് ലോകകപ്പ് നേടാന്‍ കഴില്ല. ടീം എന്ന നിലയില്‍ ശരിക്കും കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. 2011 മുതൽ ഇപ്പോൾ വരെ ഞങ്ങൾ എല്ലാവരും അതു തന്നെയാണ് ചെയ്യുന്നത്. ലോകകപ്പ് വിജയിക്കാനുള്ള ആഗ്രഹം എല്ലാ കളിക്കാരിലുമുണ്ട്. അതിനായുള്ള ആത്മവിശ്വാസവുണ്ട്. എന്നാല്‍ ഒന്നിനേയും നിസാരമായി കാണുന്നില്ലെന്നും രോഹിത് ശര്‍മ വ്യക്തമാക്കി.