മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ പഞ്ചാബ് കിങ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പഞ്ചാബ് കിങ്‌സ് നായകന്‍ ശിഖര്‍ ധവാന്‍ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് ഒരു ഇടവേളയ്‌ക്ക് ശേഷമാണ് ശിഖര്‍ ധവാന്‍ പഞ്ചാബിനെ നയിക്കാന്‍ ഇറങ്ങുന്നത്.
ഐപിഎല്ലിന്‍റെ 16-ാം സീസണിലെ 38-ാം മത്സരമാണിത്. പഞ്ചാബിന്‍റെ തട്ടകമായ മൊഹാലിയിലാണ് കളി നടക്കുന്നത്. പരിക്കേറ്റ തോളിന്‍റെ വേദന മാറിയതായി ശിഖര്‍ ധവാന്‍ പ്രതികരിച്ചു. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ രണ്ട് മാറ്റവുമായാണ് പഞ്ചാബ് ഇറങ്ങുന്നത്.
മാറ്റ് ഷോര്‍ട്ട് പുറത്തായപ്പോള്‍ സിക്കന്ദര്‍ റാസ ടീമില്‍ ഇടം കണ്ടെത്തി. ഗൂർണൂർ ബ്രാർ ടീമിനായി അരങ്ങേറ്റം നടത്തും. വിക്കറ്റ് മികച്ചതായി തോന്നുന്നുവെന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് നായകന്‍ കെഎല്‍ രാഹുല്‍ പറഞ്ഞു. മഞ്ഞ് വീഴ്‌ചയ്‌ക്കുള്ള സാധ്യത മുന്‍ നിര്‍ത്തിയാവാം പഞ്ചാബ് ബോളിങ് തെരഞ്ഞെടുത്തതെന്നും കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റമില്ലാതെയാണ് തങ്ങള്‍ ഇറങ്ങുന്നതെന്നും ലഖ്‌നൗ നായകന്‍ വ്യക്തമാക്കി.
പഞ്ചാബ് കിങ്‌സ് (പ്ലേയിംഗ് ഇലവൻ): അഥർവ ടൈഡെ, ശിഖർ ധവാൻ (ക്യാപ്റ്റന്‍), സിക്കന്ദർ റാസ, ലിയാം ലിവിംഗ്‌സ്റ്റൺ, സാം കറൻ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പര്‍), ഷാരൂഖ് ഖാൻ, കാഗിസോ റബാഡ, രാഹുൽ ചഹാർ, ഗുർനൂർ ബ്രാർ, അർഷ്‌ദീപ് സിങ്.
പഞ്ചാബ് കിങ്‌സ് സബ്‌സ്: പ്രഭ്‌സിമ്രാൻ സിങ്, മോഹിത് റാത്തി, ഋഷി ധവാൻ, മാത്യു ഷോർട്ട്, ഹർപ്രീത് ബ്രാർ
ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് (പ്ലേയിംഗ് ഇലവൻ): കെ എൽ രാഹുൽ (ക്യാപ്റ്റന്‍), കെയ്‌ൽ മേയേഴ്‌സ്, ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, ക്രുണാൽ പാണ്ഡ്യ, നിക്കോളാസ് പുരാൻ (വിക്കറ്റ് കീപ്പര്‍), ആയുഷ് ബഡോണി, നവീൻ ഉൾ ഹഖ്, രവി ബിഷ്‌ണോയ്, ആവേഷ് ഖാൻ, യാഷ് താക്കൂർ.
ലഖ്‌നൗ സൂപ്പർജയന്‍റ്സ് സബ്‌സ്: കൃഷ്ണപ്പ ഗൗതം, ഡാനിയൽ സൺസ്, പ്രേരക മങ്കാഡ്, അമിത് മിശ്ര, മാർക്ക് വുഡ്.
സീസണില്‍ തങ്ങളുടെ എട്ടാം മത്സരത്തിനാണ് പഞ്ചാബും ലഖ്‌നൗവും ഇറങ്ങുന്നത്. കളിച്ച ഏഴ് മത്സരങ്ങളില്‍ നാല് വീതം വിജയം നേടാന്‍ ഇരു ടീമുകള്‍ക്കും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ലഖ്‌നൗ പോയിന്‍റ് പട്ടികയില്‍ നാലാമതുള്ളപ്പോള്‍ പഞ്ചാബ് ആറാം സ്ഥാനത്താണ്. കളിച്ച അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തതിന്‍റെ ആത്മവിശ്വാസവുമായാണ് പഞ്ചാബ് എത്തുന്നത്.
മറുവശത്ത് ഗുജറാത്ത് ടൈറ്റന്‍സിനോട് കെഎല്‍ രാഹുലും സംഘവും തോല്‍വി വഴങ്ങിയിരുന്നു. ഇതോടെ ഇന്ന് സ്വന്തം തട്ടകത്തില്‍ വിജയത്തുടര്‍ച്ചയ്‌ക്ക് പഞ്ചാബ് ഇറങ്ങുമ്പോള്‍ വിജയ വഴിയില്‍ തിരിച്ചെത്താനാവും ലഖ്‌നൗ ലക്ഷ്യം വയ്‌ക്കുക. സീസണില്‍ നേരത്തെ ലഖ്‌നൗവിന്‍റെ തട്ടകത്തില്‍ നേര്‍ക്കുനേരെത്തിയപ്പോള്‍ പഞ്ചാബ് വിജയം പിടിച്ചിരുന്നു. ഇന്ന് ഈ കണക്കുകൂടെ തീര്‍ക്കാന്‍ മനസിലുറച്ചാവും ലഖ്‌നൗ ഇറങ്ങുകയെന്നുറപ്പ്.
ALSO READ: IPL 2023| കൊല്‍ക്കത്തയ്‌ക്ക് വമ്പന്‍ തിരിച്ചടി; ബംഗ്ലാദേശ് സൂപ്പര്‍ താരം നാട്ടിലേക്ക് മടങ്ങി