മൊഹാലി: ഇന്ത്യയ്‌ക്ക് എതിരായ ഒന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്‌ക്ക് ഭേദപ്പെട്ട സ്‌കോര്‍ (India vs Australia Score updates). ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഓസ്‌ട്രേലിയ 50 ഓവറില്‍ 276 റണ്‍സിന് ഓള്‍ ഔട്ടായി. അര്‍ധ സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറാണ് (David warner) ഓസീസിന്‍റെ ടോപ് സ്‌കോറര്‍.
ഇന്ത്യയ്‌ക്കായി മുഹമ്മദ് ഷമി (mohammed shami) അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തി. മുഹമ്മദ് ഷമി എറിഞ്ഞ ആദ്യ ഓവറിന്‍റെ നാലാം പന്തില്‍ തന്നെ ഓസ്‌ട്രേലിയയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്‌ടമായിരുന്നു. മിച്ചല്‍ മാര്‍ഷിനെ (4 പന്തില്‍ 4) സ്ലിപ്പില്‍ ശുഭ്‌മാന്‍ ഗില്ലാണ് പിടികൂടിയത്. തുടര്‍ന്ന് ഒന്നിച്ച ഡേവിഡ് വാര്‍ണര്‍- സ്‌റ്റീവ് സ്‌മിത്ത് സഖ്യം രണ്ടാം വിക്കറ്റില്‍ 94 റണ്‍സ് ചേര്‍ത്തു.
ഇരുവരും ഇന്ത്യന്‍ ബോളര്‍മാരെ ഏറെ ശ്രദ്ധയോടെ നേരിട്ടതോടെ ഓസീസിന് സ്‌കോര്‍ ബോര്‍ഡ് പതുക്കെയാണ് ചലിച്ചത്. ഇതിനിടെ വാര്‍ണറെ പുറത്താക്കുള്ള സുവര്‍ണാവസരം ശ്രേയസ് അയ്യര്‍ നഷ്‌ടപ്പെടുത്തി. വ്യക്തിഗത സ്‌കോര്‍ 15 റണ്‍സില്‍ നില്‍ക്കെ വാര്‍ണര്‍ നല്‍കിയ അനായാസ ക്യാച്ച് മിഡ് ഓഫില്‍ ശ്രേയസ് നിലത്തിടുകയായിരുന്നു.
അര്‍ധ സെഞ്ചുറി തികച്ചതിന് പിന്നാലെ വാര്‍ണറെ വീഴ്‌ത്തി രവീന്ദ്ര ജഡേജയാണ് ഇന്ത്യയ്‌ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. 53 പന്തില്‍ 52 റണ്‍സെടുത്ത വാര്‍ണറെ ശുഭ്‌മാന്‍ ഗില്ലാണ് കയ്യില്‍ ഒതുക്കിയത്. വാര്‍ണര്‍ മടങ്ങിയ 19-ാം ഓവറില്‍ തന്നെ ഓസീസ് 100 കടന്നിരുന്നു.
രണ്ട് ഓവറുകള്‍ക്കപ്പുറം ഷമിയുടെ പന്തില്‍ കുറ്റി തെറിച്ചതോടെ സ്‌മിത്തും തിരികെ കയറി. 60 പന്തുകളില്‍ 41 റണ്‍സായിരുന്നു സ്‌മിത്തിന് നേടാന്‍ കഴിഞ്ഞത്. നാലാം വിക്കറ്റില്‍ ക്രീസില്‍ ചേര്‍ന്ന മാര്‍നെസ് ലെബുഷെയ്‌നും കാമറൂണ്‍ ഗ്രീനും കരുതലോടെ തന്നെയായിരുന്നു കളിച്ചത്. ഇതോടെ 30-ാം ഓവറില്‍ ഓസീസ് 150 കടന്നു.
ഇതിനിടെ ലെബുഷെയ്‌നെ റണ്ണൗട്ടാക്കാനുള്ള സുവര്‍ണാവസരം ലഭിച്ചിരുന്നുവെങ്കിലും വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന് പിഴച്ചു. സിംഗിളിനായി ക്രീസ് വിട്ടിറങ്ങിയ ലെബുഷെയ്‌ന്‍ ക്രീസില്‍ നിന്നും ഏറെ ദൂരെ നില്‍ക്കെ സൂര്യകുമാര്‍ യാദവ് എറിഞ്ഞു നല്‍കിയ പന്ത് പിടിക്കാന്‍ പോലും രാഹുലിന് കഴിഞ്ഞിരുന്നില്ല. ഒടുവില്‍ അശ്വിന്‍ എറിഞ്ഞ 33-ാം ഓവറിലാണ് ലെബുഷെയ്‌ന്‍ പുറത്താവുന്നത്.
അശ്വിനെതിരെ ക്രീസ് വിട്ടിറങ്ങി റിവേഴ്‌സ് സ്വീപ്പ് കളിക്കാനുള്ള ലെബുഷെയ്‌ന്‍റെ ശ്രമം പാളിയതോടെ രാഹുലിന്‍റെ പാഡിലിടിച്ച പന്ത് ബെയ്‌ല്‍സ് ഇളക്കുകയായിരുന്നു. 49 പന്തുകളില്‍ 39 റണ്‍സാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്. പിന്നാലെ കാമറൂണ്‍ ഗ്രീന്‍ (52 പന്തില്‍ 31) റണ്ണൗട്ടാവുമ്പോള്‍ 39.3 ഓവറില്‍ അഞ്ചിന് 186 റണ്‍സ് എന്ന നിലയിലായിരുന്നു ഓസീസ്.
തുടര്‍ന്ന് ജോഷ് ഇംഗ്ലിസ് (45 പന്തില്‍ 45), മാര്‍ക്കസ് സ്റ്റോയിനിസ് (21 പന്തുകളില്‍ 29) എന്നിവര്‍ നന്നായി കളിച്ചതോടെയാണ് ഓസീസ് സ്‌കോര്‍ 200 പിന്നിട്ടത്. സ്‌കോര്‍ 248-ല്‍ നില്‍ക്കെ 47-ാം ഓവറില്‍ സ്റ്റോയിനിസിനെ ഷമി ബൗള്‍ഡാക്കിയപ്പോള്‍ തൊട്ടടുത്ത ഓവറില്‍ ഇംഗ്ലിഷിനെ ബുംറ ശ്രേയസിന്‍റെ കയ്യിലെത്തിക്കുകയായിരുന്നു. ഇരുവരും മടങ്ങിയതിന് ശേഷം എത്തിയ മാത്യൂ ഷോര്‍ട്ട് (4 പന്തില്‍ 2), സീന്‍ അബോട്ട് (2 പന്തില്‍ 2), ആദം സാംപ (2 പന്തില്‍ 2) എന്നിവര്‍ ചെറിയ സ്‌കോറില്‍ പുറത്തായപ്പോള്‍ പാറ്റ് കമ്മിന്‍സ് (9 പന്തുകളില്‍ 21) പുറത്താവാതെ നിന്നു.