വെല്ലിങ്‌ടണ്‍: ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ കളിക്കില്ല. നേരത്തെയുള്ള മെഡിക്കല്‍ അപ്പോയിന്‍റ്‌മെന്‍റ് കാരണമാണ് താരം മത്സരത്തില്‍ നിന്നും പിന്മാറിയതെന്ന് ന്യൂസിലൻഡ് കോച്ച് ഗാരി സ്റ്റെഡ് അറിയിച്ചു. വില്യംസണിന്‍റെ അഭാവത്തില്‍ പേസര്‍ ടിം സൗത്തിക്കാണ് ടീമിന്‍റെ നായക ചുമതല.
മാര്‍ക്ക് ചാപ്‌മാനെയാണ് പകരക്കാരനായി സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഗാരി സ്റ്റെഡ് വ്യക്തമാക്കി. നവംബർ 22 (ചൊവ്വാഴ്‌ച) നേപ്പിയറിലാണ് മത്സരം നടക്കുക. പരമ്പരയില്‍ നിലവില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. വെല്ലിങ്ടണില്‍ നടക്കേണ്ടിയിരുന്ന ആദ്യ മത്സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചപ്പോള്‍ ബേ ഓവലില്‍ നടന്ന രണ്ടാം ടി20 ജയിച്ചാണ് ഇന്ത്യ ലീഡെടുത്തത്.
ബേ ഓവലില്‍ 65 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 191 റണ്‍സാണ് നേടിയത്. സൂര്യകുമാർ യാദവിന്‍റെ തകർപ്പൻ സെഞ്ച്വറിയാണ് ഇന്ത്യൻ ഇന്നിംഗ്‌സിന് കരുത്തായത്. മറുപടിക്കിറങ്ങിയ ന്യൂസിലന്‍ഡ് 18.5 ഓവറില്‍ 126 റണ്‍സിന് പുറത്തായി.
52 പന്തില്‍ 61 റണ്‍സ് നേടിയ നായകന്‍ കെയ്‌ന്‍ വില്യംസണ്‍ മാത്രമാണ് കിവീസിനായി പൊരുതിയത്. ഇന്ത്യയ്‌ക്കായി ദീപക് ഹൂഡ നാലും യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ സ്വന്തമാക്കി.