ബെംഗളൂരു: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) പാകിസ്ഥാനെതിരെ മിന്നും ജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. നിശ്ചിത ഓവറില്‍ തങ്ങളുയര്‍ത്തിയ 367 റണ്‍സ് വിജയലക്ഷ്യം മറികടക്കാനെത്തിയ പാക് പടയെ 46 ആം ഓവറില്‍ 305 റണ്‍സിന് ഓള്‍ഔട്ടാക്കിയാണ് ഓസ്‌ട്രേലിയ വിജയം പിടിച്ചുവാങ്ങിയത്. ഇതോടെ ടൂര്‍ണമെന്‍റില്‍ തുടര്‍ച്ചയായുള്ള തോല്‍വികളുടെ ക്ഷീണം മാറ്റി എക്കാലത്തെയും മികച്ച ഫേവറിറ്റുകളുടെ ഫോമിലേക്ക് മടങ്ങിയെത്താനും ഈ മത്സരത്തോടെ കങ്കാരുപ്പടയ്‌ക്കായി.
ഓപണര്‍മാരായ ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും തുടങ്ങിവച്ച വെടികെട്ട് ബാറ്റിങാണ് ഓസ്‌ട്രേലിയയ്‌ക്ക് മികച്ച ടോട്ടല്‍ നല്‍കിയത്. ഇതില്‍ വാര്‍ണര്‍ മാത്രം പാകിസ്ഥാനെ പരീക്ഷിച്ചത് 124 പന്തില്‍ 163 റണ്‍സെടുത്താണ്. തുടര്‍ന്നാണ് ഈ റണ്‍മല മറികടക്കാന്‍ പാകിസ്ഥാന്‍ മറുപടി ബാറ്റിങിനെത്തുന്നത്.
തുടങ്ങി, പക്ഷെ അവസാനിപ്പിക്കാനായില്ല: ഓപണര്‍മാരായ അബ്‌ദുള്ള ഷഫീഖും ഇമാമുല്‍ ഹഖും മികച്ച കൂട്ടുകെട്ട് തന്നെയാണ് പാകിസ്ഥാന് നല്‍കിയത്. ആദ്യം താളം കണ്ടെത്തി പതിയെ അക്രമകാരികളായി മാറിയ ഇരുവരും ചേര്‍ന്ന് ഇരുവശത്തും മാറി മാറി കൂറ്റനടികള്‍ക്ക് ശ്രമിച്ചതോടെ പാക് സ്‌കോര്‍ബോര്‍ഡ് വേഗത്തില്‍ ഓടിത്തുടങ്ങി. എന്നാല്‍ ഈ സമയമത്രയും ഓപണര്‍മാരില്‍ ഒരാളെയെങ്കിലും മടക്കിയയച്ച് താല്‍കാലിക ആശ്വാസം കണ്ടെത്താനും ഓസ്‌ട്രേലിയയ്‌ക്കായില്ല.
അങ്ങനെയിരിക്കെ ടീം സ്‌കോര്‍ 134 ല്‍ എത്തുമ്പോഴാണ് ഓസീസിന് ഏറെ കാത്തിരുന്ന ആ ബ്രേക്ക് ത്രൂ വിക്കറ്റ് ലഭിക്കുന്നത്. 61 പന്തില്‍ 64 റണ്‍സുമായി നിലയുറപ്പിച്ചിരുന്ന അബ്‌ദുള്ള ഷഫീഖിനെ മടക്കി അയച്ചായിരുന്നു അത്. മാര്‍കസ് സ്‌റ്റോയിനിസിന്‍റെ പന്തില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ കൈകളിലൊതുങ്ങിയായിരുന്നു ഷഫീഖ് മടങ്ങിയത്. ഇതോടെ പാക് ബാറ്റിങിന്‍റെ താളത്തില്‍ നേരിയ വ്യത്യാസമുണ്ടായി.
വേഗത്തില്‍ മങ്ങിയ പ്രതീക്ഷകള്‍: പിന്നാലെ നായകന്‍ ബാബര്‍ അസമെത്തി. ആദ്യ പന്തുകളില്‍ തന്നെയുള്ള ഷോട്ടുകള്‍ ഒരുപക്ഷെ പാകി വിജയത്തിലേക്ക് തന്നെയാണ് അസം ബാറ്റ് വീശുന്നതെന്ന പ്രതീതിയുമുളവാക്കി. എന്നാല്‍ 24 ആം ഓവറിലെ നാലാം പന്തില്‍ ഇമാമുല്‍ ഹഖിനെ മടക്കി സ്‌റ്റോയിനിസ് വീണ്ടും കങ്കാരുപ്പടയുടെ ഭാഗ്യതാരമായി. തിരികെ കയറുമ്പോള്‍ 71 പന്തില്‍ 70 റണ്‍സായിരുന്നു ഇമാമുല്‍ ഹഖിന്‍റെ സമ്പാദ്യം. തൊട്ടുപിന്നാലെ പാക് ബാറ്റിങ് നിരയിലെ വിശ്വസ്ഥന്‍ മുഹമ്മദ് റിസ്‌വാനുമെത്തി.
ബാബറും റിസ്‌വാനും ചേര്‍ന്നാലുണ്ടായേക്കാവുന്ന അപകടത്തിന്‍റെ വ്യാപ്‌തി ഓസീസ് താരങ്ങള്‍ക്ക് വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ കരുതലോടെ തന്നെയാണ് പന്തെറിഞ്ഞത്. ഈ ശ്രദ്ധാപൂര്‍വമുള്ള ബൗളിങ് കൊണ്ടുതന്നെ ബാബര്‍ അസമിനെ (18) പുറത്താക്കാനും ഓസ്‌ട്രേലിയന്‍ ബൗളിങ് നിരയ്‌ക്കായി. ആദം സാംപയുടെ പന്തില്‍ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്‍റെ കൈകളില്‍ വീണായിരുന്നു പാക് നായകന്‍റെ മടക്കം.
പാക് പരാജയം: തുടര്‍ന്നെത്തിയ സൗദ് ഷക്കീലിനെയും (30) ഇഫ്‌തിഖര്‍ അഹമ്മദിനെയും (26) ഒപ്പം കൂട്ടി ഒരിക്കല്‍ കൂടി പാകിസ്ഥാന്‍റെ വിജയം നടപ്പിലാക്കാന്‍ റിസ്‌വാന്‍ ശ്രമം തുടര്‍ന്നു. എന്നാല്‍ ലെഗ് ബൈ വിക്കറ്റില്‍ കുരുങ്ങി മുഹമ്മദ് റിസ്‌വാന്‍ (40 പന്തില്‍ 46) കൂടി മടങ്ങിയതോടെ പാകിസ്ഥാന്‍ പരാജയം ഉറപ്പിച്ചു. പിന്നീട് പാക് ബാറ്റര്‍മാരില്‍ കണ്ടത് പരാജയഭാരം കുറയ്‌ക്കാനുള്ള ശ്രമങ്ങളായിരുന്നു.
സമ്മര്‍ദ്ദ ഘട്ടത്തില്‍ ഇതിനായുള്ള കൂറ്റനടികള്‍ പാകിസ്ഥാന്‍ ബാറ്റര്‍മാരായ മുഹമ്മദ് നവാസ് (14), ഉസാമ മിര്‍ (0), ഷഹീന്‍ അഫ്രീദി (10), ഹസന്‍ അലി (8), ഹാരിസ് റൗഫ് (0*) എന്നിവരെ ഒന്നിനുപിറകെ ഒന്നായി കൂടാരം കയറ്റി. മാത്രമല്ല പാക് ചെറുത്തുനില്‍പ്പ് 305 റണ്‍സിലും അവസാനിച്ചു. അതേസമയം ഓസ്‌ട്രേലിയയ്‌ക്കായി ആദം സാംപ നാലും, മാര്‍കസ് സ്‌റ്റോയിനിസ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ടുവീതം വിക്കറ്റുകളും വീഴ്‌ത്തി. മിച്ചല്‍ സ്‌റ്റാര്‍ക്, ജോഷ് ഹേസില്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.