മുംബൈ: ഇന്ത്യയുടെ ഏകദിന ടീമിൽ വെറ്ററന്‍ താരം ശിഖര്‍ ധവാന്‍റെ ഭാവിയെക്കുറിച്ച് സംശയം ഉയർത്തി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. ഇഷാന്‍ കിഷനെയും ശുഭ്‌മാന്‍ ഗില്ലിനെയും പോലുള്ള യുവതാരങ്ങളുടെ നിലവിലെ ഫോം പരിഗണിച്ചാല്‍ ധവാന്‍റെ 'മനോഹരമായ ഏകദിന കരിയറിന്' ഇത് അവസാനമായേക്കുമെന്നാണ് കാര്‍ത്തിക് പറയുന്നത്. 2023 ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ ഇടംപിടിക്കാൻ ധവാൻ പാടുപെടുമെന്നും കാർത്തിക് അഭിപ്രായപ്പെട്ടു.
സമീപ കാലത്തായി മോശം ഫോം തുടരുന്ന ധവാന് അടുത്തിടെ അവസാനിച്ച ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലും തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. പരമ്പരയിലെ മൂന്ന് മത്സരങ്ങളും കളിച്ച ഇന്ത്യന്‍ ഓപ്പണര്‍ക്ക് 7, 8, 3 എന്നിങ്ങനെയാണ് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞത്. ഇതിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് അവസാന ഏകദിനത്തില്‍ രോഹിത്തിന് പകരമെത്തിയ യുവ ഓപ്പണിങ് ബാറ്റര്‍ ഇഷാൻ കിഷൻ എക്കാലത്തെയും വേഗമേറിയ ഏകദിന ഡബിൾ സെഞ്ച്വറി നേടി തിളങ്ങുകയും ചെയ്‌തു.
അടുത്ത വര്‍ഷം ജനുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയില്‍ ധാവാന് അവസരം ലഭിക്കുന്ന കാര്യത്തിലും കാര്‍ത്തിക് സംശയം പ്രകടിപ്പിച്ചു. "ഇഷാൻ കിഷനെ അവർ എങ്ങനെ ഒഴിവാക്കും എന്ന് കാണുന്നത് രസകരമായിരിക്കും. ശുഭ്‌മാൻ ഗിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്നു.
രോഹിത് ശർമ തിരികെയെത്തുമ്പോള്‍ ആരെങ്കിലും ടീമില്‍ നിന്നും പുറത്ത് പോകണം. അത് അയാളാകാം (ധവാൻ). അത് മഹത്തായ ഒരു കരിയറിന്‍റെ ദുഃഖകരമായ അന്ത്യമായിരിക്കും", കാര്‍ത്തിക് പറഞ്ഞു.
"രസകരമായ കാര്യം, ഗിൽ സ്ക്വാഡിന്‍റെ ഭാഗമായിരുന്നെങ്കിൽ, അവൻ ഒരുപക്ഷെ ഓപ്പൺ ചെയ്യുമായിരുന്നു. കാരണം കുറച്ച് കാലമായി ആ റോള്‍ അവന്‍ ആത്മസംയമനത്തോടെ കൈകാര്യം ചെയ്യുന്നുണ്ട്.
എന്നാല്‍ തനിക്ക് ലഭിച്ച അവസരം ഇഷാൻ കിഷൻ ശരിക്കും ഉപയോഗപ്പെടുത്തി. ഇത് ശിഖര്‍ ധവാന്‍റെ സ്ഥാനവും ചോദ്യം ചെയ്യുന്നതാണ്", കാര്‍ത്തിക് കൂട്ടിച്ചേർത്തു. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടി20 ടീമുകളില്‍ നിന്നും പുറത്തായ താരം ഏകദിനത്തില്‍ മാത്രമാണ് കളിക്കുന്നത്. ചില മത്സരങ്ങളില്‍ താരം ഇന്ത്യയെ നയിക്കുകയും ചെയ്‌തിരുന്നു.
also read: 'എന്‍റെ എക്കാലത്തേയും ഇതിഹാസം'; ക്രിസ്റ്റ്യാനോ എന്നും പ്രചോദനമെന്ന് വിരാട് കോലി