മുംബൈ: ഐപിഎല്‍ 2024 (IPL 2024) സീസണിന് മുന്നോടിയായുള്ള മിനി താര (IPL 2024 Auction) ലേലത്തില്‍ ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും റെക്കോഡ് തുക സ്വന്തമാക്കിയിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 24.75 കോടി വീശിയപ്പോള്‍ കമ്മിന്‍സിനായി 20.50 കോടിയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുടക്കിയത്.
ഇതോടെ ഐപിഎല്ലിന്‍റെ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള താരമായി മിച്ചല്‍ സ്റ്റാര്‍ക്ക് മാറിയപ്പോള്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് കമ്മിന്‍സും എത്തി. (IPL 2024 Auction Mitchell Starc Kolkata Knight Riders). ഇപ്പോഴിതാ ഐപിഎല്ലില്‍ വിദേശ താരങ്ങളും ഇന്ത്യൻ താരങ്ങളും തമ്മിലുള്ള പ്രതിഫലത്തിന്‍റെ അന്തരത്തെ ചോദ്യം ചെയ്‌തിരിക്കുകയാണ് ആകാശ് ചോപ്ര. (Aakash Chopra on Mitchell Starc and Pat Cummins earning in IPL 2024).
ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്രയുടെ ഇതു സംബന്ധിച്ച പ്രതികരണം ഇങ്ങിനെ...."ഐപിഎല്‍ ലേലത്തില്‍ മിച്ചൽ സ്റ്റാർക്കിന് 24.75 കോടി രൂപയും പാറ്റ് കമ്മിൻസിന് 20.50 കോടി രൂപയുമാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ താരങ്ങളിലേക്ക് നോക്കൂ.. ജസ്പ്രീത് ബുംറയ്‌ക്ക് 12 കോടി രൂപയാണ് ലഭിക്കുന്നത്.
എംഎസ് ധോണിയ്‌ക്ക് 12 കോടി രൂപയും, വിരാട് കോലിയ്‌ക്ക് 17 (15) കോടി രൂപയും, രോഹിത് ശർമയ്‌ക്ക് 16 കോടി രൂപയുമാണ് പ്രതിഫലം. എന്നാല്‍ മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, സാം കറൻ, കാമറൂൺ ഗ്രീൻ തുടങ്ങിയവര്‍ക്കെല്ലാം ഇവരേക്കാള്‍ കൂടിയ തുക ലഭിക്കുക. ഇതിനെ എന്താണ് നമ്മള്‍ പറയുക?" ആകാശ് ചോപ്ര ചോദിച്ചു.
"ഇത് ഇന്ത്യൻ പ്രീമിയർ ലീഗാണ്. ഒരാൾക്ക് ഇത്ര കുറഞ്ഞ വേതനവും മറ്റേയാൾക്ക് ഇത്രയും ഉയര്‍ന്ന തുകയും ലഭിക്കുന്നത് എങ്ങനെയാണ്?. വിശ്വസ്‌തത എന്നത് ഏറെ പ്രധാനപ്പെട്ടത് തന്നെയാണ്. ഇനി നാളെ തന്നെ റിലീസ് ചെയ്യണമെന്ന് ജസ്‌പ്രീത് ബുംറ മുംബൈ ഇന്ത്യന്‍സിനോടൊ, അല്ലെങ്കില്‍ വിരാട് കോലി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടോ ആവശ്യപ്പെട്ടാല്‍ എന്താണ് സംഭവിക്കുക.
തീര്‍ച്ചയായും അവരുടെ വില ഉയരും. ഈ ലേല വിപണിയിൽ സ്റ്റാർക്കിന്‍റെ വില 25 കോടിയ്‌ക്ക് അടുത്താണെങ്കില്‍, കോലിയുടെ വില 42 കോടിയോ ബുംറയ്ക്ക് 35 കോടിയോ ആയിരിക്കണം. അതു സംഭവിക്കുന്നില്ലെങ്കില്‍ അവിടെ എന്തോ ഒരു കുഴപ്പമുണ്ട്"- ആകാശ് ചോപ്ര പറഞ്ഞു.
"ഇപ്പോൾ ലോകത്തിലെ ഒന്നാം നമ്പർ ടി20 ബോളര്‍ ആരാണ്?. ഈ ഐപിഎല്ലിലെ ഒന്നാം നമ്പർ ബോളര്‍ ആരാണ്?. ജസ്‌പ്രീത് ബുംറ എന്നാണ് ആ കളിക്കാരന്‍റെ പേര്. (Aakash Chopra on Jasprit Bumrah) എന്നാല്‍ ബുംറയ്‌ക്ക് 12 കോടിയും സ്റ്റാര്‍ക്കിന് 25 കോടിയ്‌ക്ക് അടുത്തുമാണ് പ്രതിഫലം ലഭിക്കുന്നത്. ഇതു തീര്‍ത്തു തെറ്റാണ്.
ആര്‍ക്കും എത്ര പണം ലഭിച്ചാലും എനിക്ക് യാതൊരു വിരോധവുമില്ല. എല്ലാവർക്കും ഉയര്‍ന്ന തുക ലഭിക്കുന്നതില്‍ എനിക്ക് സന്തോഷം മാത്രമാണുള്ളത്. പക്ഷേ ഇത് എങ്ങനെ ശരിയാകും?" ആകാശ് ചോപ്ര പറഞ്ഞ് നിര്‍ത്തി.
ALSO READ: സ്റ്റാര്‍ക്കിന്‍റെ ഒരു പന്തിന് ഐപിഎല്ലില്‍ ലഭിക്കുക ലക്ഷങ്ങള്‍; ഞെട്ടിക്കുന്ന കണക്ക് അറിയാം...
അതേസമയം ഐപിഎല്ലില്‍ ഏറ്റവും ഉയര്‍ന്ന തുക ലഭിക്കുന്ന ഇന്ത്യന്‍ താരം കെഎല്‍ രാഹുലാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ നായകനായ രാഹുലിന്‍റെ പ്രതിഫലം 17 കോടി രൂപയാണ്. മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും ചേർന്ന് 45.25 കോടി രൂപയാണ് ഐപിഎല്ലിന്‍റെ ഒരു സീസണില്‍ നേടുന്നത്. എന്നാല്‍ ഇന്ത്യയുടെ രോഹിത് ശർമ (16 കോടി), വിരാട് കോലി (15 കോടി), കെഎൽ രാഹുൽ (17 കോടി) എന്നി മൂന്ന് താരങ്ങള്‍ ചേര്‍ന്നാല്‍ ലഭിക്കുക 48 കോടി രൂപയാണ്.