ഫഹദ് ഫാസിലിന്‍റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലയന്‍ കുഞ്ഞ്. ദിലീഷ് പോത്തന്‍ ചിത്രം ജോജി പൂര്‍ത്തിയാക്കിയാണ് ഫഹദ് മലയന്‍കുഞ്ഞില്‍ ജോയിന്‍ ചെയ്‌തത്. ഇപ്പോള്‍ സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഒപ്പം അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം അഭിനേതാക്കളും അണിനിരന്ന ഒരു ഗ്രൂപ്പ് ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. ഇതുവരെ കാണാത്ത ഗെറ്റപ്പിലാകും ഫഹദ് മലന്‍കുഞ്ഞില്‍ എത്തുക. ശരീര ഭാരം കുറച്ച് വ്യത്യസ്തമായ ഒരു ഗെറ്റപ്പിലാണ് നടനെ ഇതുവരെ പുറത്തുവന്ന ലൊക്കേഷന്‍ ചിത്രങ്ങളിലെല്ലാം കാണാനായത്.
രജീഷ വിജയന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ സിനിമയില്‍ എത്തുന്നത്. സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫാസിലാണ് നിര്‍മിക്കുന്നത്. മാലിക് സംവിധായകന്‍ മഹേഷ് നാരായണന്‍റേതാണ് തിരക്കഥ. എഡിറ്റര്‍ കൂടിയായ അദ്ദേഹം ആദ്യമായി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. സുഷിന്‍ ശ്യാം ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. മാലിക്, ജോജി, ഇരുള്‍ എന്നിവയാണ് അണിയറയില്‍ റിലീസിന് തയ്യാറെടുക്കുന്ന മറ്റ് ഫഹദ് ഫാസില്‍ സിനിമകള്‍.