കൊവിഡ് പ്രതിസന്ധിയിൽ കാര്യമായ മാറ്റങ്ങളുണ്ടാകാതെ വലിമൈ റിലീസ് ചെയ്യേണ്ടന്ന് നടൻ അജിത്. തല അജിത്തിന്‍റെ ജന്മദിനത്തിന് രണ്ട് ദിവസം മുൻപ്, ഏപ്രിൽ 29ന് ചിത്രം റിലീസിനെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാൽ, ചിത്രത്തിന്‍റെ റിലീസ് തിടുക്കത്തിൽ പ്രഖ്യാപിക്കേണ്ടെന്ന് നിർമാതാക്കളോട് അജിത് ആവശ്യപ്പെട്ടതായാണ് വിവരം.
ആളുകൾ സാധാരണ ഗതിയിലുള്ള ജീവിതസാഹചര്യത്തിലേക്ക് മടങ്ങുകയും സിനിമാപ്രദർശനത്തിന് മുഴുവൻ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കുകയും ചെയ്യുന്ന സമയം വരെ വലിമൈ ചിത്രത്തിന്‍റെ റിലീസ് തിയതി നീട്ടണമെന്ന് ചിത്രത്തിന്‍റെ നിർമാതാവ് ബോണി കപൂറിനോട് താരം ആവശ്യപ്പെട്ടു. പകുതി സീറ്റുകളിൽ മാത്രം കാണികളെ പ്രവേശിപ്പിച്ചുകൊണ്ടുള്ള സിനിമാപ്രദർശനം ആരാധകരെ നിരാശരാക്കുമെന്നും അജിത് നിർമാതാക്കളോട് വിശദീകരിച്ചതായാണ് സൂചന.
അതേ സമയം, പ്രേക്ഷകർ കാത്തിരിക്കുന്ന അജിത് ചിത്രം ഫെബ്രുവരിയിൽ ഷൂട്ടിങ് പൂർത്തിയാക്കുമെന്നാണ് കരുതുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ അജിത്തിന് പരുക്കേറ്റത് വാര്‍ത്തയായിരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന തമിഴ് ത്രില്ലർ ചിത്രത്തിൽ രാജ് അയ്യപ്പ, ഹുമ ഖുറേഷി, കാർത്തികേയ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.