ആലിയ ഭട്ടുമായുണ്ടായ പ്രണയത്തകര്‍ച്ചയെ കുറിച്ച് മനസ്സ് തുറന്ന് ബോളിവുഡ് താരം സിദ്ധാര്‍ത്ഥ് മല്‍ഹോത്ര. കരണ്‍ ജോഹറിന്റെ ‘കോഫി വിത്ത് കരണ്‍’ എന്ന പരിപാടിയിലാണ് അദ്ദേഹം ബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞത്. തങ്ങളുടേത് വളരെ മര്യാദപൂര്‍വമുളള ബന്ധമായിരുന്നെന്നും പ്രണയത്തകര്‍ച്ചയില്‍ വേദനയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രണയം തകര്‍ന്നതിന് ശേഷം താന്‍ ആലിയയെ കണ്ടിട്ടില്ലെന്നും സിദ്ധാര്‍ത്ഥ് വ്യക്തമാക്കി. ‘ പിരിഞ്ഞതിന് ശേഷം ഞങ്ങള്‍ കണ്ടിട്ടില്ല. വളരെ മര്യാദപൂര്‍വമുളള ബന്ധമായിരുന്നു ഞങ്ങളുടേത്. അതൊരു കയ്പേറിയ അനുഭവമല്ല. ഞങ്ങള്‍ പ്രണയത്തിലാകുന്നതിനും വളരെ മുമ്പ് തന്നെ എനിക്ക് ആലിയയെ അറിയാം. എന്റെ ആദ്യ ചിത്രമായ സ്റ്റ്യുഡന്റ് ഓഫ് ദ ഇയറില്‍ ആലിയക്കൊപ്പമായിരുന്നു എന്‍റെ ആദ്യ ഷോട്ട്. അത്കൊണ്ട് തന്നെ ഒരുപാട് ഓര്‍മ്മകള്‍ ഞങ്ങള്‍ക്കിടയിലുണ്ട്,’ സിദ്ധാര്‍ത്ഥ് പറഞ്ഞു.
‘രണ്ട് പേര്‍ ഒന്നിച്ച് ജീവിക്കണ്ട എന്ന് തീരുമാനിക്കാന്‍ കാരണങ്ങളുണ്ടാവും. ഞങ്ങളുടെ ബന്ധത്തിലും ഉയര്‍ച്ചയും താഴ്ച്ചയും ഉണ്ടായിട്ടുണ്ട്. നല്ല ഓര്‍മ്മകള്‍ മാത്രം ചിന്തിക്കാനാണ് എനിക്ക് ഇഷ്ടം,’ സിദ്ധാര്‍ത്ഥ് പറഞ്ഞു. കരണ്‍ ജോഹറിന്റെ സ്റ്റ്യുഡന്റ് ഓഫ് ദ ഇയറിലൂടെയാണ് ആലിയയും സിദ്ധാർത്ഥും ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.
ആലിയയുമായി പിരിഞ്ഞതിന് ശേഷം ജാക്വലിന്‍ ഫെര്‍ണാണ്ടസുമായി സിദ്ധാര്‍ത്ഥ് പ്രണയത്തിലായിരുന്നു. എന്നാല്‍ ആ ബന്ധവും അധിക നാൾ നീണ്ട് നിന്നില്ല. നിലവില്‍ നടി കിയാര അദ്വാനിയാണ് സിദ്ധാർത്ഥിന്‍റെ കാമുകി എന്നാണ് ഗോസിപ്പുകൾ.