ഈ വർഷത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (ഐഎഫ്‌എഫ്‌ഐ) പങ്കെടുക്കാൻ അക്കാദമി പ്രസിഡന്റ് ജോൺ ബെയ്‌ലിയും. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സുവർണ ജൂബിലി പതിപ്പാണ് ഇത്തവണ നടക്കുന്നത്. നവംബർ 20 മുതൽ 28 വരെ ഗോവയില്‍ നടക്കുന്ന മേള വലിയ ആഘോഷങ്ങളോടെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.
ജോൺ ബെയ്‌ലി മേളയിൽ പങ്കെടുക്കുമെന്ന കാര്യവും പ്രകാശ് ജാവദേക്കർ അറിയിച്ചു. ഗോവൻ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, സംവിധായകരായ രാഹുൽ റവയിൽ, മധുർ ഭണ്ഡാർക്കർ, എ കെ ബിർ, ഷാജി കരുൺ, മഞ്ജു ബോറ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ചലച്ചിത്ര മേള ഡയറക്ടറേഴ്സും സർക്കാറിന്റെ നിയന്ത്രണത്തിലുള്ള ഗോവ എന്റർടെയിൻമെന്റ് സൊസൈറ്റിയും ചേർന്നാണ് ഐ എഫ് എഫ് ഐ സംഘടിപ്പിക്കുന്നത്.
കരൺ ജോഹർ, സിദ്ധാർത്ഥ് റോയ് കപൂർ, ഫിറോസ് അബ്ബാസ് ഖാൻ, സുഭാഷ് ഗായ് എന്നിവരും സുവർണ ജൂബിലി പതിപ്പിന്റെ സ്റ്റിയറിംഗ് കമ്മറ്റിയിൽ പങ്കാളികളാകും. മുൻപ് ഡൽഹിയിൽ വെച്ച് നടത്തികൊണ്ടിരുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള 2004 മുതലാണ് ഗോവയിൽ സംഘടിപ്പിക്കപ്പെടുന്നത്. അന്നത്തെ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ നേതൃത്വത്തിൽ ആയിരുന്നു അത്. മേളയുടെ സുവർണ ജൂബിലി ആഘോഷവേളയിൽ പരീക്കറിന് ആദരാഞ്ജലി അർപ്പിക്കുമെന്നും ജാവദേക്കർ കൂട്ടിച്ചേർത്തു.
150-ാം ജന്മവാർഷികം ആഘോഷിക്കുന്ന മഹാത്മാഗാന്ധിയെയും മേള അനുസ്മരിക്കുമെന്നും അനുബന്ധമായി രാഷ്ട്രപിതാവിന്റെ ജീവിതത്തെ ചിത്രീകരിക്കുന്ന ഒരു എക്സിബിഷനും സംഘടിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.