ബിജെപി വിരുദ്ധ പരാമർശം നടത്തിയതിന്‍റെ പേരില്‍ നടൻ വിനായകനെതിരെ സൈബർ ആക്രമണം. ആർ.എസ്.എസിന്‍റെ അജണ്ട കേരളത്തില്‍ നടക്കില്ലെന്ന് ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തോടെ തെളിഞ്ഞെന്നും ബിജെപിക്ക് കേരളത്തില്‍ ഒന്നും ചെയ്യാൻ കഴിയില്ലെന്നും വിനായകൻ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
''താനൊരു ഇടതുപക്ഷകാരനാണ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ഫലം തന്നെ ഞെട്ടിച്ചു. എന്താണ് സംഭവിച്ചതെന്ന് ജനം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇടതുപക്ഷത്തിന്റെ തകര്‍ച്ച ആശങ്കപ്പെടുത്തുന്നതാണ്. ബി.ജെ.പി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ട്'', വിനായകന്‍ പറഞ്ഞു. തനിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടെന്നും എന്നാല്‍ രാഷ്ട്രീയം തൊഴിലാക്കാനില്ലെന്നും വിനായകന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തെ ജാതീയമായും വംശീയമായും അധിക്ഷേപിച്ച് കൊണ്ട് സൈബർ ആക്രമണം നടക്കുന്നത്.
വിനായകന്‍ അഭിനയിക്കുന്ന സിനിമകളുള്‍പ്പെടെ ബഹിഷ്ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടും കമന്‍റുകൾ വരുന്നുണ്ട്. വിനായകന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സംഘപരിവാര പ്രവര്‍ത്തകര്‍ വിദ്വേഷ പ്രചരണം ശക്തമായി നടത്തുന്നത്.