കൊച്ചി/തിരുവനന്തപുരം: ആനന്ദ് പട്‌വര്‍ധന്‍ സംവിധാനം ചെയ്ത വിവേക്(റീസണ്‍) എന്ന ഡോക്യുമെന്ററിക്ക് ഐഡിഎസ്എഫ്എഫ്കെയില്‍ പ്രദര്‍ശനാനുമതി. ഹിന്ദുത്വ തീവ്രവാദം ചർച്ച ചെയ്യുന്ന ഡോക്യുമെന്ററിക്ക് സെന്‍സര്‍ ഇളവ് പോലും നല്‍കാത്തെയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രദർശനം തടഞ്ഞത്. ഈ നടപടി ചോദ്യം ചെയ്ത് കേരള ചലച്ചിത്ര അക്കാദമിയും ആനന്ദ് പട്‌വര്‍ധനും സമർപ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി പ്രദര്‍ശനാനുമതി നല്‍കിയത്.
മേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കാമെന്നും എന്നാല്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടാവുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാർ ഉറപ്പ് വരുത്തണമെന്നും അതിനായി ആവശ്യമായ പോലീസ് സംരക്ഷണം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ഡോക്യുമെന്‍ററിക്ക് ലഭിച്ച വിലക്ക് അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്നും ഇതിനെതിരെ ലഭിച്ച കോടതി ഉത്തരവ് സന്തോഷം നല്‍കുന്നുവെന്നും ആനന്ദ് പട്‌വര്‍ദ്ധന്‍ പ്രതികരിച്ചു. അക്കാദമി അല്‍പം നേരത്തെ കോടതിയെ സമീപിച്ചിരുന്നെങ്കില്‍ നടപടി വേഗത്തിലാക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ നേതാവായിരുന്ന ഗോവിന്ദ് പൻസാരെ, യുക്തിവാദി നേതാവായിരുന്ന നരേന്ദ്ര ധബോൽക്കർ, മാധ്യമപ്രവർത്തകയായിരുന്ന ഗൗരി ലങ്കേഷ് എന്നിവരെ തീവ്ര ഹിന്ദുസംഘടനകൾ കൊലപ്പെടുത്തിയതിനെ ചോദ്യം ചെയ്യുന്ന രൂപത്തിലാണ് ആനന്ദ് 'വിവേക്' എന്ന ഡോക്യുമെന്‍ററി ഒരുക്കിയിരുന്നത്. ഈ കൊലപാതകങ്ങള്‍ക്ക് പിന്നിലെല്ലാം സംഘപരിവാര്‍ പ്രവര്‍ത്തകരായിരുന്നു. മേളയുടെ അവസാനദിവസമായ ഇന്ന് ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കും.