മെറ്റ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സ്‌ആപ്പ്. അതുകൊണ്ടുതന്നെ വാട്‌സ്‌ആപ്പ് ഉപയോഗിക്കുന്നവരാണ് കൂടുതല്‍ പേരും. ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നവര്‍ പൊതുവെ നേരിടുന്ന പ്രശ്‌നം പരിഹരിക്കാന്‍ 'ആക്‌സിഡന്‍റൽ ഡിലീറ്റ്' ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
ഇന്നാണ് ഈ പുത്തന്‍ ഫീച്ചര്‍ കമ്പനി മുന്നോട്ടുവച്ചത്. അബദ്ധത്തില്‍ അയക്കുന്ന മെസേജുകളും ഫോട്ടോകളും വീഡിയോകളുമൊക്കെ ഡിലീറ്റ് ചെയ്യാന്‍ 'ഡിലീറ്റ് ഫോർ എവരിവൺ', 'ഡിലീറ്റ് ഫോർ മി' എന്നീ ഫീച്ചറുകള്‍ ഈ ആപ്ലിക്കേഷനില്‍ നേരത്തേ തന്നെയുണ്ടായിരുന്നു. എന്നാല്‍, 'ഡിലീറ്റ് ഫോർ എവരിവൺ' എന്നതിനുപകരം ഉപയോക്താക്കള്‍ അബദ്ധത്തില്‍ 'ഡിലീറ്റ് ഫോർ മി' എന്ന് അമര്‍ത്താറുണ്ട്. ഇത് നമ്മളുടെ സ്‌ക്രീനില്‍ മാത്രം ഡിലീറ്റ് ആവുകയും മെസേജ് ആര്‍ക്കാണോ അയച്ചത് അയാള്‍ക്ക് കാണാമെന്നതും വലിയ പ്രശ്‌നങ്ങള്‍ വരെ സൃഷ്‌ടിക്കാറുണ്ട്.
വാട്‌സ്‌ആപ്പിന്‍റെ എല്ലാ ഉപയോക്താക്കളും നേരിടുന്ന ഈ 'ആഗോള പ്രശ്‌നം' പരിഹരിക്കാനാണ് കമ്പനി നീക്കം. 'ആക്‌സിഡന്‍റൽ ഡിലീറ്റ്' ഓപ്‌ഷന്‍ അഞ്ച് സെക്കൻഡ് നേരത്തേക്ക് നല്‍കി അബദ്ധം തിരുത്താന്‍ സഹായിക്കുന്നതാണ് പുത്തന്‍ ഫീച്ചര്‍. ആൻഡ്രോയിഡ്, ഐഫോൺ എന്നിങ്ങനെയുള്ള എല്ലാ ഡിവൈസുകളിലും ഉപയോക്താക്കൾക്ക് 'ആക്‌സിഡന്‍റൽ ഡിലീറ്റ്' ഫീച്ചർ ലഭ്യമാണ്.