ലണ്ടന്‍: രാജസ്ഥാനിലെ ക്ഷേത്രത്തില്‍ നിന്നും മോഷണം പോയ പുരാതന ശിവ വിഗ്രഹത്തെ ബ്രിട്ടണില്‍ നിന്നും ഇന്ത്യയിലെത്തിക്കും. പ്രതിഹാര ശൈലിയില്‍ ഒമ്പതാം നൂറ്റാണ്ടില്‍ നിര്‍മിച്ച ശിവപ്രതിമ രാജസ്ഥാനിലെ ബറോലിയിലെ ഗദ്വേശ്വര ക്ഷേത്രത്തില്‍ നിന്ന് 1998ലാണ് മോഷണം പോയത്. ബ്രിട്ടണിലെത്തിയ പ്രതിമ പിന്നീട് ഒരു വ്യക്തിയുടെ സ്വകാര്യ ശേഖരത്തില്‍ കണ്ടെത്തുകയായിരുന്നു. ബ്രിട്ടീഷ് അധികാരികളുടെയും ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെയും ശ്രമഫലമായി 2005ല്‍ വിഗ്രഹം ഇന്ത്യന്‍ ഹൈക്കമ്മീഷനെ ഏല്‍പ്പിക്കുകയായിരുന്നു.
2017ല്‍ ആര്‍ക്കിയോളജിക്കല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ലണ്ടനിലെത്തി ഇത് മോഷണം പോയ വിഗ്രഹം തന്നെയാണെന്ന് ഉറപ്പിക്കുകയായിരുന്നു. ഇതോടെയാണ് വിഗ്രഹത്തെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ഇന്ത്യയില്‍ നിന്നും കടത്തിയ അമൂല്യമായ പുരാതന വസ്‌തുക്കളെ കണ്ടെത്താനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. നേരത്തെ യുകെ, യുഎസ്, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നും ഇങ്ങനെ പുരാതന വസ്‌തുക്കള്‍ കണ്ടെത്തിയിരുന്നു.
പൈതൃക കേന്ദ്രമായ റാണി കി വാവില്‍ നിന്നും മോഷ്‌ടിക്കപ്പെട്ട ബ്രാഹ്‌മ ബ്രാഹ്‌മിണി പ്രതിമയും സമാനമായി ഇന്ത്യയിലെത്തിച്ചിരുന്നു. 12-ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ബുദ്ധന്‍റെ വെങ്കല പ്രതിമയും ലണ്ടനില്‍ നിന്നും 2019ല്‍ ഇന്ത്യയിലെത്തിച്ചു. 17-ാം നൂറ്റാണ്ടില്‍ വെങ്കലത്തില്‍ തീര്‍ത്ത നവനീത കൃഷ്‌ണ വിഗ്രഹവും, രണ്ടാം നൂറ്റാണ്ടില്‍ ചുണ്ണാമ്പുകല്ലില്‍ തീര്‍ത്ത തൂണും യുഎസില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15ന് ഇന്ത്യയിലെത്തിച്ചിരുന്നു.