ടോക്കിയോ: ജപ്പാനിലെ ടോക്കിയോയില്‍ 124 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് നഗരത്തില്‍ നൂറിലധികം കേസുകൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉറവിടം അറിയാത്ത കേസുകൾ വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് ഗവർണർ യൂറിക്കോ കൊയ്‌കെ പറഞ്ഞു. പരിശോധനകൾ വര്‍ധിപ്പിച്ചിട്ടുണ്ട്. ജനങ്ങൾ അതീവ ജാഗ്രത പുലര്‍ത്തണമെന്നും രണ്ടാം ഘട്ട വ്യാപനത്തിന് ഇടകൊടുക്കരുതെന്നും ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു.
ജപ്പാനില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ആഴ്‌ചകൾക്ക് ശേഷമാണ് കൊവിഡ് കേസുകളില്‍ വര്‍ധനയുണ്ടായത്. അടുത്തിടെ റിപ്പോര്‍ട്ട് ചെയ്‌തവരില്‍ ഭൂരിഭാഗം പേരും 20നും 30നും ഇടയില്‍ പ്രായമുള്ളവരാണ്. രാത്രികാല യാത്രകളും പരിപാടികളും ഒഴിവാക്കണമെന്നും കൊയ്‌കെ പറഞ്ഞു. ജപ്പാനിൽ 19,068 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. 976 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.