കാഠ്‌മണ്ഡു: നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി വിദ്യാർത്ഥി വിഭാഗം പ്രധാനമന്ത്രി കെപി ശർമ്മ ഒലിയുടെ കോലം കത്തിച്ചു. ഭരണ കക്ഷിയിലെ വിമത ചേരിയിലുള്ള പുഷ്‌പ കമാൽ ദഹലിന്‍റെയും മാധവ് കുമാർ നേപ്പാളിന്‍റെയും നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചത്. പാർലമെന്‍റ് പിരിച്ചുവിടാനുള്ള ഒലിയുടെ തീരുമാനത്തിനെതിരെ കഴിഞ്ഞ ഒരുമാസത്തിലേറയായി വിദ്യാർത്ഥികൾ പ്രതിഷേധത്തിലാണ്. വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.
പാർലമെന്‍റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാൻ ഡിസംബർ 20ന് ആണ് നേപ്പാൾ മന്ത്രി സഭ തീരുമാനം എടുത്തത്. മന്ത്രിസഭ തീരുമാനത്തിനെതിരെ ഒരു ഡസനിലധികം റിട്ടുകളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇതിനിടെ കോടതിയെ സ്വാധീനിക്കാൻ ശ്രമിച്ചതിനും ഒരു മുതിർന്ന അഭിഭാഷകനെക്കുറിച്ച് മോശം പരാമർശം നടത്തിയതിനും ഓലിക്കെതിരെയും കോടതിയിൽ രണ്ട് കേസുകളുണ്ട്. തനിക്കെതിരായ കേസുകളിൽ മറുപടി നൽകാൻ ഒരാഴ്‌ച സമയം കോടതി പ്രധാനമന്ത്രിക്ക് നൽകിയിട്ടുണ്ട്.