സിയോള്‍: ദക്ഷിണ കൊറിയയില്‍ 51പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജനസാന്ദ്രത കൂടിയ തലസ്ഥാന നഗരിയിലാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. തൊഴിലാളികളില്‍ കൊവിഡ് പടരുന്നത് തടയാനായി അധികൃതര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 11719 പേര്‍ക്കാണ് നിലവില്‍ കൊവിഡ് ബാധിച്ചിരിക്കുന്നതെന്ന് ദക്ഷിണ കൊറിയയിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവന്‍ഷന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 279 പേര്‍ കൊവിഡ് മൂലം രാജ്യത്ത് മരിച്ചു.
പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ വീടുകളിലെത്തി ഉല്‍പന്നങ്ങള്‍ നല്‍കുന്ന സിയോള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിച്ച്‌വേയിലെ തൊഴിലാളികളാണ്. റിച്ച്‌വേ വില്‍പനക്കാരില്‍ കൊവിഡ് പടരുന്നത് ആശങ്കാജനകമാണെന്നും തൊഴിലാളികള്‍ 60നും 70നും ഇടയില്‍ പ്രായമുള്ളവരാണെന്നും ആരോഗ്യവകുപ്പ് ഉപമന്ത്രി കിം ഗാങ് ലിപ് പറഞ്ഞു.
പ്രാദേശിക ഇ കൊമേഴ്‌സ് ഭീമനായ കുപാംങ് നടത്തുന്ന ഗോഡൗണില്‍ ജോലി ചെയ്യുന്ന 120 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടുവെന്നും രോഗിയായിരിക്കുന്ന അവസ്ഥയില്‍ പോലും ജീവനക്കാര്‍ ജോലി ചെയ്യേണ്ടി വരുന്നുവെന്നും കമ്പനിക്കെതിരെ ആരോപണം നിലനില്‍ക്കുന്നുണ്ട്.
മാര്‍ച്ചില്‍ ദിവസേന 500ലധികം കേസുകള്‍ ദേഗു നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. നിരന്തര പരിശോധനയും ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വഴിയുമാണ് അധികൃതര്‍ കൊവിഡിനെ നിയന്ത്രണത്തിലാക്കിയത്. എന്നാല്‍ ഇപ്പോള്‍ രാജ്യത്തിന്‍റെ ജനസംഖ്യയില്‍ പകുതിയോളം പേര്‍ ജീവിക്കുന്ന തലസ്ഥാന നഗരിയില്‍ കൊവിഡ് വര്‍ധിക്കുന്നത് അധികൃതരെ ആശങ്കയിലാക്കിയിട്ടുണ്ട്. സിയോളിലെയും സമീപ നഗരങ്ങളിലെയും ആശുപത്രികള്‍ തമ്മില്‍ സംയുക്തമായി പ്രവര്‍ത്തിക്കാനായി ഇന്നലെ ആരോഗ്യവകുപ്പ് അധികൃതര്‍ ചര്‍ച്ച നടത്തിയിരുന്നു.