ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വർധിച്ച് വരുന്ന സംഘർഷത്തിൽ ചൈനീസ് വിദേശകാര്യ വക്താവ് ആശങ്ക പ്രകടിപ്പിച്ചു. പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ചൈനീസ് നയതന്ത്രജ്ഞൻ വാങ് യി ആശങ്ക അറിയിച്ചതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ കുറിച്ചു.
കശ്മീരിൽ ഉടലെടുക്കുന്ന പുതിയ സംഭവവികാസങ്ങളെക്കുറിച്ചും, ഇന്ത്യ-പാക് പ്രശ്നങ്ങൾ ഉഭയകക്ഷി തലത്തിൽ പരിഹരിക്കാൻ ചൈനക്ക് നിർണായക പങ്കു വഹിക്കാൻ കഴിയുമെന്നും പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പ്രത്യാശ പ്രകടിപ്പിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
പുൽവാമ ആക്രമണത്തിൽ 40 ഇന്ത്യൻ പട്ടാളക്കാർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ചൊവ്വാഴ്ച പാകിസ്ഥാനിലെ ജയ്ഷെ മുഹമ്മദ് തീവ്രവാദ പരിശീലന കേന്ദ്രത്തിന് നേരെ ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നു. 1971ന് ശേഷം ആദ്യമായാണ് ഇന്ത്യ പാകിസ്ഥാനിൽ ഉള്ളിൽ ചെന്ന് ആക്രമണം നടത്തുന്നത്.
ചരിത്രത്തിൽ ഇതാദ്യമായാണ് രണ്ട് ആണവ-ആയുധശക്തികൾ പരസ്പരം വ്യോമാക്രമണം നടത്തുകയും, പന്ത്രണ്ടോളം സ്ഥലങ്ങളിൽ കരസേനകൾ തമ്മിൽ ഏറ്റുമുട്ടലുകളും ഉണ്ടാകുന്നത്.