വാഷിംഗ്‌ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ‘2 പ്ലസ് 2’ ചർച്ചയുടെ രണ്ടാം ഘട്ടം ഡിസംബര്‍ 18ന് വാഷിംഗ്‌ടണില്‍ നടക്കും. ഇരു രാജ്യങ്ങളുടെയും തന്ത്രപരവും സുരക്ഷാ സംബന്ധവുമായ താൽപ്പര്യങ്ങൾ ചർച്ചയില്‍ പങ്കെടുക്കുന്ന യുഎസിലെയും ഇന്ത്യയിലെയും വിദേശകാര്യ, പ്രതിരോധ മന്ത്രിമാർ അവതരിപ്പിക്കുമെന്ന് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.
'2 പ്ലസ് 2' ചർച്ചയുടെ ആദ്യ ഘട്ടം 2018 സെപ്റ്റംബറില്‍ ന്യൂഡല്‍ഹിയിലാണ് നടന്നത്. ജപ്പാനും ഓസ്ട്രേലിയക്കും ശേഷം യുഎസുമായി '2 പ്ലസ് 2' മന്ത്രിതല ചര്‍ച്ച നടത്തുന്ന ഏകരാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്ന 2018ലെ ആദ്യ ഘട്ട ചര്‍ച്ച ആഗോളശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്കൽ പോംപിയോ, പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്, ഇന്ത്യൻ മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, മുന്‍ പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ എന്നിവരാണ് ആദ്യ ഘട്ട '2 പ്ലസ് 2' ചർച്ചയില്‍ പങ്കെടുത്തിരുന്നത്.