വാഷിങ്‌ടണ്‍: ഹോങ്കോങ്ങിൽ വിവാദമായ ദേശീയ സുരക്ഷാ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് ചൈനയെ വിമർശിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. സ്വേച്ഛാധിപത്യ ഭരണ മാതൃക മറ്റ് രാജ്യങ്ങളിൽ അടിച്ചേൽപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഹോങ്കോങ്ങിലെ ദേശീയ സുരക്ഷാ നിയമം ലോകമെമ്പാടുമുള്ള ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ്. മനുഷ്യാവകാശങ്ങളെയും മൗലിക സ്വാതന്ത്ര്യത്തെയും ദുർബലപ്പെടുത്താനുള്ള തീവ്രമായ ശ്രമമാണിതെന്ന് പോംപിയോ ട്വീറ്റിൽ പറഞ്ഞു. ആക്ടിവിസ്റ്റ് നഥാൻ ലോ ക്വുൻ-ചുങ്, മുൻ ബ്രിട്ടീഷ് കോൺസുലേറ്റ് ഉദ്യോഗസ്ഥൻ സൈമൺ ചെംഗ് മാൻ-കിറ്റ് എന്നിവരുൾപ്പെടെ ആറ് പേരെ പുതിയ ദേശീയ സുരക്ഷാ നിയമം ലംഘിച്ചുവെന്ന് സംശയിച്ച് ഹോങ്കോങ്ങ് പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തതിന് ശേഷമാണ് പരാമർശം.
ജൂലൈ ഒന്നിന് മുന്നോടിയായി പ്രാബല്യത്തിൽ വന്ന നിയമം, അട്ടിമറി, ഭീകരവാദം, വിദേശ ഇടപെടൽ എന്നിവയെ തടയുന്നു. യുഎസ് ആസ്ഥാനമായുള്ള ഹോങ്കോങ് ഡെമോക്രസി കൗൺസിലിലെ (എച്ച്കെഡിസി) സാമുവൽ ചു, ആംസ്റ്റർഡാമിലുണ്ടെന്ന് റിപ്പോർട്ട് ചെയ്ത വെയ്ൻ ചാൻ കാ-കുയി എന്നിവരെയും സംശയ പട്ടികയിൽ ചൈന രേഖപ്പെടുത്തിയിട്ടുണ്ട്.