ഇടുക്കി: ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ ജോയ്സ് ജോർജ് എംപി നടത്തിയെന്ന് പറയുന്ന വികസനങ്ങൾ തട്ടിപ്പാണെ ആരോപണവുമായി യുഡിഎഫ്. കേന്ദ്ര ഭരണാനുമതി ലഭിക്കാത്ത ശബരിമല - പളനി ദേശീയപാത എംപിയുടെ വികസന പദ്ധതികളുടെ പ്രവർത്തനങ്ങൾ വിവരിക്കുന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് യുഡിഎഫ് പ്രതിഷേധം. അതേസമയം, ദേശീയപാതയ്ക്ക് കേന്ദ്രത്തിന്‍റെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് ജോയ്സ് ജോർജ് പറഞ്ഞു.
ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 4750 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയതായാണ് ജോയ്സ് ജോർജ് എംപി അവകാശപ്പെടുന്നത്. ജോയിസ് ജോർജും ഇടതുപക്ഷവും ഈ വികസന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് വോട്ട് തേടുന്നത്. തമിഴ്നാട് - ശബരിമല യാത്ര എളുപ്പമാക്കുന്ന 377 കിലോമീറ്റർ ദൂരം വരുന്ന പളനി - പമ്പ ദേശീയപാതയ്ക്ക് 2,150 കോടി രൂപയാണ് വകയിരുത്തിയത്.
എന്നാൽ ഇവയെല്ലാം കടലാസിൽ ഒതുങ്ങിയ പദ്ധതികളാണെന്ന് വിവരാവകാശ രേഖ മുൻനിർത്തി യുഡിഎഫ് ആരോപിക്കുന്നു. പരസ്യ പ്രചാരണം അവസാനിക്കാനിരിക്കെ ഉയരുന്ന ആരോപണങ്ങൾ തെരഞ്ഞെടുപ്പിൽ വോട്ടായി മാറ്റാനുള്ള പ്രയത്നത്തിലാണ് ഇരു പാർട്ടികളും.