ന്യൂഡല്‍ഹി: 'നിങ്ങള്‍ക്ക് ലഭിക്കുന്ന ഒടിപികള്‍ ഒരിക്കലും മറ്റൊരാളുമായി പങ്കിടരുത്', സൈബര്‍ തട്ടിപ്പുകള്‍ക്ക് തടയിടാന്‍ അധികൃതര്‍ എപ്പോഴും നല്‍കുന്നൊരു ഉപദേശമാണിത്. എന്നാല്‍ ഒടിപികള്‍ ലഭിക്കാതെ തന്നെ നിങ്ങള്‍ തട്ടിപ്പിനിരയായാലോ?. അത്തരത്തിലൊരു വന്‍ തട്ടിപ്പിന്‍റെ വാര്‍ത്തയാണ് ഇപ്പോള്‍ രാജ്യതലസ്ഥാനത്ത് നിന്നും പുറത്തുവരുന്നത്.
നിരന്തരം ഫോണിലേക്ക് മിസ്‌ഡ്കോളും ബ്ലാങ്ക് കോളും ചെയ്‌തുകൊണ്ടാണ് സൈബര്‍ കുറ്റവാളികള്‍ ഡല്‍ഹി സ്വദേശിയായ വ്യവസായിയില്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്തത്. പല ട്രാന്‍സാക്ഷനുകളായി നടന്ന തട്ടിപ്പില്‍ പ്രതികള്‍ ഇരയോട് ഒടിപി ആവശ്യപ്പെട്ടിരുന്നില്ല. ജാര്‍ഖണ്ഡ് ജംതാര കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് സംഘമാകാം സംഭവത്തിന് പിന്നിലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
ഒക്‌ടോബര്‍ 19നാണ് കേസിനാസ്‌പദമായ സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകൾ. അന്നേ ദിവസം പണം നഷ്‌ടമായ വ്യക്തിയുടെ ഫോണിലേക്ക് നിരവധി മിസ്‌ഡ്‌കോളുകള്‍ എത്തി. ലഭിച്ച കോളുകള്‍ അദ്ദേഹം അറ്റന്‍ഡ് ചെയ്‌തിരുന്നെങ്കിലും പ്രതികരണം ഇല്ലാത്തതിനാല്‍ ഫോണ്‍ കട്ട് ചെയ്‌തു.
പിന്നീട് ഫോണ്‍ പരിശോധിച്ചപ്പോഴാണ് തന്‍റെ അക്കൗണ്ടില്‍ നിന്ന് വിവിധ തവണകളിലായി പണം നഷ്‌ടപ്പെട്ട വിവരം വ്യവസായി അറിയുന്നത്. പിന്നാലെ ഇയാള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ 12 ലക്ഷം രൂപ ഭാസ്‌കര്‍ മണ്ഡല്‍ എന്നയാൾക്കും 4.6 ലക്ഷം രൂപ അവിജിത് ഗിരി എന്നയാളുടെ അക്കൗണ്ടിലേക്കുമാണ് കൈമാറ്റം നടന്നതെന്ന് കണ്ടെത്തി. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.