ഇടുക്കി: തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്‍റെ ഓഹരി വില്‍പനയുമായി ബന്ധപ്പെട്ട് ബെെസണ്‍വാലി മേഖലയില്‍ മണി ചെയിന്‍ മോഡല്‍ തട്ടിപ്പ് നടത്തിയതായി പരാതി. നിരവധിയാളുകളാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. ലക്ഷങ്ങളുടെ തട്ടിപ്പ് ഈ മേഖലയിൽ നടന്നതായാണ് കണ്ടെത്തൽ.
2017 മുതല്‍ മാസം 1200 രൂപ മുതല്‍ നിക്ഷേപം സ്വീകരിച്ച് അഞ്ച് വര്‍ഷത്തിന് ശേഷം പലിശ സഹിതം കൂടുതല്‍ തുക തിരികെ നല്‍കുമെന്ന് വിശ്വസിപ്പിച്ചാണ് മേഖലയില്‍ പലരില്‍ നിന്നും പണം തട്ടിയതെന്നാണ് വിവരം. കാലാവധി കഴിഞ്ഞിട്ടും പണം മടക്കി നല്‍കാത്തതിനാല്‍ ഇടപാടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ഇത് തട്ടിപ്പാണെന്ന് മനസിലാക്കിയത്. പൊട്ടന്‍കാട് സ്വദേശികളായ ദമ്പതികള്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചാണ് തങ്ങളുടെ കയ്യില്‍ നിന്ന് പണം തട്ടിയെടുത്തതെന്ന് പരാതിക്കാരിലൊരാളായ ബെെസണ്‍വാലി മൂട്ടുങ്കല്‍ മാധവന്‍ പറഞ്ഞു.
രാജാക്കാട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെയുള്ള നടപടി വെെകുന്നതിനാല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനാണ് ഇവരുടെ തീരുമാനം.