തൃശ്ശൂര്‍: മണ്ണുത്തി കുതിരാൻ ദേശീയപാതയിലെ കുഴികള്‍ അടയ്ക്കാതെ ജില്ല വിട്ടുപോകരുതെന്ന് നാഷണൽ ഹൈവെ അതോറിറ്റി ഉദ്യോഗസ്ഥർക്ക് ജില്ലാ കലക്ടറുടെ കര്‍ശന നിർദേശം. കുഴിയടക്കൽ പ്രവൃത്തി ആരംഭിക്കാതെ എൻഎച്ച്എ ഉദ്യോഗസ്ഥരായ ആശിഷ് ദിവേദി, പി നരസിംഹ റെഡ്ഡി, പികെ സുരേഷ് എന്നിവർ ജില്ല വിട്ട് പോകാൻ പാടില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടര്‍ ഉത്തരവ് ഇറക്കി. ക്വാറി വേസ്റ്റ് ഉപയോഗിക്കാതെ കോൾഡ് മിക്‌സ്ചർ ഉപയോഗിച്ച് വേണം കുഴിയടക്കാനെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു. ഇത് സംബന്ധിച്ചുള്ള സമ്മതപത്രത്തില്‍ എൻഎച്ച്എ പ്രതിനിധികള്‍ ഒപ്പ് വച്ചതായി മന്ത്രി വിഎസ് സുനിൽകുമാർ പറഞ്ഞു.
തുരങ്കം തുറന്ന് നൽകുന്നതിന് ഇനിയും നിരവധി ക്രമീകരണങ്ങൾ നടത്തേണ്ടതുണ്ട്. കുതിരാൻ തുരങ്കം തുറന്ന് നൽകുമെന്ന വാർത്ത തെറ്റിദ്ധാരണജനകമാണെന്നും ബ്ലോവർ, ഫയർ ആന്റ് സേഫ്റ്റി അനുമതി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതെ തുരങ്കപാത തുറക്കില്ലെന്നും അധികൃതര്‍ പറഞ്ഞു. ടിഎൻ പ്രതാപൻ എംപി, ജില്ലാ കലക്ടർ എസ് ഷാനവാസ്, തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്ര തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.