എറണാകുളം: സ്വർണക്കടത്ത് കേസിൽ സ്വപ്നയേയും സന്ദീപിനേയും ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് എൻ.ഐ.എ കോടതിയുടെ അനുമതി. എന്‍.ഐ.എ ആസ്ഥാനത്തെത്തി ചോദ്യം ചെയ്യാനാണ് അനുമതി ലഭിച്ചത്. അതേസമയം കേസിൽ കസ്റ്റംസ് ഇന്ന് അറസ്റ്റ് ചെയ്ത മഞ്ചേരി സ്വദേശി ഹംസത്തിനെ സി.ജെ.എം കോടതി റിമാൻഡ് ചെയ്തു. ഓഗസ്റ്റ് അഞ്ചു വരെയാണ് റിമാന്‍ഡ് ചെയ്തത്. പ്രതിയെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
നേരെത്തെ പിടിയിലായ പ്രതി സൈതലവിയിൽ നിന്നാണ് ഹംസത്തിനെ കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചത്. സ്വർണക്കടത്തിനായി ഒരു കോടി രൂപ പ്രതി കൈമാറിയതായും കസ്റ്റംസ് കോടതിയെ അറിയിച്ചു. പ്രതികളായ ഹംജദ് അലി, ജിപ്സൽ, അൻവർ, സംജു എന്നിവരുടെ ജാമ്യാപേക്ഷയിൽ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കോടതി വാദം കേട്ടു.
തുടർവാദത്തിനായും വിധി പറയാനുമായി കേസ് പരിഗണിക്കുന്നത് 24-ാം തിയതിയിലേക്ക് മാറ്റി. സ്വർണക്കടത്തിൽ പ്രധാനപങ്ക് വഹിച്ച സ്വപ്ന, സന്ദീപ് എന്നിവരെ എൻ.ഐ.എ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുമതി തേടിക്കൊണ്ടുള്ള കസ്റ്റംസിന്‍റെ അപേക്ഷ എൻ.ഐ.എ കോടതി അംഗീകരിക്കുകയായിരുന്നു. ഇരുവരെയും കസ്റ്റംസ് കേസിൽ ഇതുവരെ പ്രതിചേർക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. കസ്റ്റംസിന്‍റെ നടപടി ക്രമമനുസരിച്ച് ആരോപണ വിധേയരുടെ മൊഴിയെടുത്ത ശേഷമാണ് അറസ്റ്റ് രേഖപ്പെത്തുക. ഈ സാഹചര്യത്തിലാണ് എൻ.ഐ.എ കസ്റ്റഡിയിലുള്ള സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യാൻ കസ്റ്റംസ് എൻ.ഐ.എ കോടതിയുടെ അനുവാദം വാങ്ങിയത്.
അനുമതി ലഭിച്ച സാഹചര്യത്തിൽ കൊച്ചിയിലെ എൻ.ഐ.എ ആസ്ഥാനത്തെത്തി കസ്റ്റംസ് ഇരുവരെയും ഉടൻ ചോദ്യം ചെയ്യും. കേസിലെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന ദുബായിലുള്ള ഫൈസൽ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള നീക്കവും അന്വേഷണ ഏജൻസികൾ ഊർജിതമാക്കി. എൻ.ഐ.എയ്ക്ക് പിന്നാലെ കസ്റ്റംസും ഫൈസലിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണം എന്നാവശ്യപ്പെട്ട് ഉടൻ കോടതിയെ സമീപിക്കും. ഇന്റർപോളിന്‍റെ സഹായത്തോടെ ഫൈസലിനായി റെഡ്കോർണർ നോട്ടീസ് ഇറക്കുമെന്നും കസ്റ്റംസ് അധികൃതർ അറിയിച്ചു.