തിരുവനന്തപുരം: വെങ്ങാനൂർ നീലകേശി റോഡിന് സമീപത്തെ തുറസായ സ്ഥലത്ത് കഞ്ചാവ് ചെടികൾ കണ്ടെത്തി. 30 മുതൽ 65 സെന്‍റീമീറ്റർ വരെ ഉയരമുള്ള 19 ചെടികളാണ് കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശിയുടെ നേത്യത്വത്തിലുളള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി കഞ്ചാവ് ചെടികളാണെന്ന് ഉറപ്പുവരുത്തി.
കഞ്ചാവ് ചെടികൾ കണ്ടെത്തിയ വിവരം വിഴിഞ്ഞം പൊലീസ് എക്‌സൈസിനെ അറിയിച്ചു. തുടർന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയ ശേഷം ചെടികൾ പിഴുതെടുത്ത് കൊണ്ടുപോയി. വിശദ പരിശോധനയ്ക്ക് ശേഷം കഞ്ചാവ് ചെടികൾ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവ നട്ടുപിടിപ്പിച്ചത് ആരാണെന്ന് കണ്ടെത്തിയിട്ടില്ല.
എക്‌സൈസ് ഇൻസ്‌പെക്‌ടർ വി.ജി. സുനിൽ കുമാറിന്‍റെ നിർദേശത്തെ തുടർന്ന് അസി.എക്‌സൈസ് ഇൻസ്‌പെക്‌ടർ എൻ. സുദർശന കുമാർ, എക്‌സൈസ് സിവിൽ ഓഫീസർമാരായ അഞ്ജന.ജി.നായർ, ഷൈനി.ബി, ആദർശ്, സുധീർ എന്നിവരുൾപ്പെട്ട സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.