തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റ് ജിതിന്‍ വിയാണ് ക്രൈം ബ്രാഞ്ചിന്‍റെ കസ്റ്റഡിയിലുളളത്. ജിതിനെ വിശദമായി ചോദ്യം ചെയ്യുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.
ചോദ്യം ചെയ്യലില്‍ വ്യക്തത വന്നതിന് ശേഷമാകും ജിതിന്‍റെ അറസ്റ്റ് അടക്കമുള്ള നടപടി ക്രമങ്ങളിലേക്ക് ക്രൈം ബ്രാഞ്ച് കടക്കുക. എകെജി സെന്‍ററിന് നേരെ സ്‌ഫോടക വസ്‌തു എറിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നേരത്തെ പല തവണ ജിതിനെ അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തില്‍, ലഭിച്ച വിവരങ്ങളുടെ ശാസ്‌ത്രീയ പരിശോധനയടക്കം നടത്തിയ ശേഷമാണ് ഇന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. ആക്രമണമുണ്ടായ സമയത്ത് തന്നെ ഇതിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് സിപിഎം ആരോപിച്ചിരുന്നു. ഈ ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ക്രൈം ബ്രാഞ്ചിന്‍റെ ഇപ്പോഴത്തെ കണ്ടെത്തല്‍.
ജൂലൈ 30ന് അര്‍ധരാത്രിയിലാണ് എകെജി സെന്‍ററിന് നേരെ ആക്രമണമുണ്ടായത്. ഇത് കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താത്തതില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ആക്രമണത്തിന് പിന്നില്‍ സിപിഎം തന്നെയാണെന്ന ആരോപണമാണ് കോണ്‍ഗ്രസ് പ്രധാനമായും ഉന്നയിച്ചത്.
ഈ വിവാദങ്ങള്‍ക്കെല്ലാം ശേഷമാണ് ഇപ്പോള്‍ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയിലായിരിക്കുന്നത്. ഈ കേസിലെ പ്രതിക്കായി വ്യാപക പരിശോധനയാണ് പൊലീസും ക്രൈം ബ്രാഞ്ചും നടത്തിയത്. ഡിയോ സ്‌കൂട്ടറിലെത്തിയാണ് ആക്രമണം നടന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഡിയോ സ്‌കൂട്ടറുള്ളവരുടെ മുഴുവന്‍ വിവരവും ശേഖരിച്ചായിരുന്നു അന്വേഷണം.
ഇതിന് പുറമേ ആക്രമണം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് എകെജി സെന്‍റർ ആക്രമണമെന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടയാളെ ചോദ്യം ചെയ്‌തിരുന്നു. ഇത്തരത്തില്‍ നടത്തിയ വ്യാപക അന്വേഷണത്തിന് ശേഷമാണ് ഒരാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
അതേസമയം യൂത്ത് കോണ്‍ഗ്രസ് ക്രൈം ബ്രാഞ്ചിന്‍റെ കണ്ടെത്തലുകള്‍ തള്ളിയിട്ടുണ്ട്. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറഞ്ഞ് സര്‍ക്കാര്‍ അറസ്റ്റ് നാടകം നടത്തുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.